പത്ത് പള്ളികൾ ആരാധനക്ക് സംരക്ഷണം ആവശ്യപ്പെട്ടു ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പാത്രയാർക്കിസ് ബാവയെ അംഗീകരിക്കുന്നെന്നും എന്നാൽ, മലങ്കര സഭയുടെ തലവനായി കോട്ടയം ദേവലോകത്തെ കാതോലിക്ക ബാവയെ അംഗീകരിക്കണമെന്നും ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്ക് വിട്ടു കിട്ടിയ പത്ത് പള്ളികളിൽ ആരാധന നടത്താൻ പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരസ്പരധാരണയിലെത്താനുള്ള സാധ്യതകളെത്രയെന്ന് ഈ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങളോട് ആരാഞ്ഞത്.പാത്രയാർക്കിസ് ബാവയെ അംഗീകരിക്കുന്നെന്നും എന്നാൽ, മലങ്കര സഭയുടെ തലവനായി കോട്ടയം ദേവലോകത്തെ കാതോലിക്ക ബാവയെ അംഗീകരിക്കണമെന്നും ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. പള്ളികൾക്ക് സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സർക്കാരും ഇന്ന് വിശദീകരിക്കും. ഇതിനിടെ, കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും പരിഗണിക്കുന്നുണ്ട്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കോതമംഗലം പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നും ക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സിആർപിഎഫിനെ ചുമതലപ്പെടുത്തണമെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ചിന് മുന്നിലുള്ളത്. പള്ളികൾക്ക് മേലുള്ള നിയന്ത്രണാവകാശം നിശ്ചയിക്കാൻ ഹിതപരിശോധന നടത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാൻ നേരത്തെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമപരിഷ്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെടി തോമസിന്റെ ഈ ശുപാർശ സംബന്ധിച്ച് സർക്കാർ ഇന്ന് നിലപാട് അറിയിക്കും