ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും.

വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ ആരാഞ്ഞിട്ടുള്ളത് . എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം

0

കൊച്ചി| വൈസ് ചാൻസലർമാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് പത്ത് സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത് . വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ ആരാഞ്ഞിട്ടുള്ളത് . എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.

ഗവർണ്ണറുടെ നോട്ടീസിന് മറുപടി നൽകാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി ഇന്നലെ വൈകുന്നേരം അവസാനിച്ചു. നോട്ടീസ് കൈപ്പറ്റിയ എല്ലാ വൈസ്ചാൻസലർമാരും ഗവർണറുടെ ഓഫീസിന് മറുപടി കൈമാറി ഇക്കാര്യം ഗവർണറുടെ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിക്കും. വൈസ് ചാൻസലർമാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചതിന്‍റെ സാഹചര്യവും വിശദീകരിക്കും. വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാർ ഗവർണറെ അറിയിച്ചത്. അതേസമയം കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഗവർണറുമായി കൂടിക്കാഴ്‍ച്ച നടത്തി.കേരള സർവകലാശാല വിസി നിയമനത്തിനുള്ള നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജിയെത്തിയിട്ടുണ്ട്. സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാൻ സെനറ്റിന് നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിർദേശം ചെയ്യാത്ത പക്ഷം തുടർനടപടി കൈക്കൊള്ളാൻ ചാൻസലറോട് നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. സർവകലാശാലയിലെ സെനറ്റ് അംഗമായ എസ് ജയറാം ആണ് ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ, കേരള സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വിസിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും, റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. അതേസമയം, ഹർജി നിയമപരമായി നേരിടാനാണ് ഗവർണറുടെ നീക്കം. രാജ് ഭവൻ അഭിഭാഷകൻ കോടതിയിൽ വിശദീകരണം നൽകും. ചാൻസലർക്ക് എതിരെ സർക്കാർ തന്നെ കോടതിയെ സമീപിച്ചതിനെ രാജ് ഭവൻ ഗൗരവമായി എടുക്കുന്നു. ഇതിനിടെ സിസ തോമസ് ചുമതല ഏറ്റ സമയം വിട്ടു നിന്ന കെ ടി യു വിലെ ഉദ്യോഗസ്ഥരുടെ വിവരം രാജ് ഭവൻ ശേഖരിച്ചു തുടർനടപടി എടുക്കും.കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹർജിയും പരിഗണനയ്ക്ക് വരുന്നുണ്ട്.

You might also like

-