കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ ഇളവ് ചെയ്തു ഹൈകോടതി
20 വര്‍ഷത്തെ ശിക്ഷ പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായാണ് കുറച്ചത്
കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ ഇളവുചെയ്ത് നല്‍കി. 20 വര്‍ഷത്തെ ശിക്ഷ പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായാണ് കുറച്ചത്. ഹൈക്കോടതിയുടേതാണ് നടപടി. നിലവില്‍ ബലാത്സംഗ വകുപ്പും പോക്‌സോ വകുപ്പും നിലനില്‍ക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷയില്‍ ഇളവുനല്‍കിയത്.
നേരത്ത തലശ്ശേരി പോക്‌സോ കോടതി പ്രതിക്ക് 60 വര്‍ഷം തടവിനും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് വകുപ്പുകളിലായുള്ള ശിക്ഷ 20 വര്‍ഷമായി അനുഭവിച്ചാല്‍ മതിയെന്നായിരുന്നു കോടതി വിധി. പിഴയടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞിരുന്നു.ശിക്ഷ 20 വർഷമായി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ടായിരുന്നു. ഇത് ചോദ്യംചെയ്തും ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് റോബിൻ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചത്. പോക്സോ, ബലാത്സംഗക്കുറ്റങ്ങൾ നിലനിൽക്കുമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് നാരായണ പിഷാരടി ഈ കുറ്റങ്ങൾക്ക് വിചാരണക്കോടതി വിധിച്ച 20 വർഷം തടവ് 10 വർഷമാക്കി വെട്ടിച്ചുരുക്കി. വിചാരണക്കോടതി ശിക്ഷിച്ച മൂന്നുലക്ഷം രൂപയുടെ പിഴ ഒരു ലക്ഷമാക്കി കുറച്ചിട്ടുമുണ്ട്.