പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് സെസ് ചുമത്താൻ ജിഎസ് ടി അനുമതി
. ജിഎസ്ടി രജിസ്ട്രേഷൻ പരിധി 20 ലക്ഷത്തിൽ നിന്ന് 40 ലക്ഷം രൂപയാക്കി ഉയർത്തി.
ഡൽഹി: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് സെസ് ചുമത്താൻ ജിഎസ് ടി കൗൺസിൽ അനുമതി നൽകി. ഏതൊക്കെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും അധിക നികുതി ചുമത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ചെറുകിട സംരംഭകർക്ക് ആശ്വാസമായി, ജി എസ് ടി രജിസ്ട്രേഷൻ പരിധി 20 ലക്ഷത്തിൽ നിന്ന് 40 ലക്ഷം രൂപയാക്കി ഉയർത്താനും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു.പ്രളയാനന്തര കേരളത്തിലെ പുനർനിർമ്മാണത്തിനായി ഒരു ശതമാനം വരെ അധിക നികുതി ചുമത്തുന്നതിനാണ് ജിഎസ്ടി കൗൺസിൽ അനുമതി നൽകിയത്. രണ്ടുവർഷത്തേക്ക് ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി ചുമത്താമെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.ഏതൊക്കെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി ചുമത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രളയ സെസിലൂടെ പ്രതിവർഷം 500 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും ധനമന്ത്രി വ്യക്തമാക്കി.
കേരളത്തിന് അധിക വായ്പ സ്വീകരിക്കുന്നതിനും തത്വത്തിൽ അംഗീകാരമായി. കേന്ദ്ര സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ചെറുകിട സംരഭകൾക്ക് പ്രയോജനപ്രദമായ മറ്റ് തീരുമാനങ്ങളും കൗൺസിലിലുണ്ടായി. ജിഎസ്ടി രജിസ്ട്രേഷൻ പരിധി 20 ലക്ഷത്തിൽ നിന്ന് 40 ലക്ഷം രൂപയാക്കി ഉയർത്തി. എന്നാൽ സംസ്ഥാനങ്ങൾക്ക് ഇത് നടപ്പിലാക്കണമോയെന്ന് തീരുമാനിക്കാം.
50 ലക്ഷം വരെ വരുമാനമുള്ള സംരഭങ്ങൾക്ക് 6 ശതമാനം സേവന നികുതി നൽകിയാൽ മതി. ഒന്നര കോടി രൂപയ്ക്ക് താഴെ ഇടപാട് നടത്തുന്നവർ വർഷത്തിൽ ഒരിക്കൽ നികുതി റിട്ടേൺ സമർപ്പിച്ചൽ മതി. ഒന്നരക്കോടി വരെ അനുമാന നികുതി ഒരു ശതമാനമായും നിശ്ചയിച്ചു. സേവന നികുതി കുറയ്ക്കാനുള്ള നീക്കത്തെ കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ എതിർത്തിരുന്നുവെന്ന് ബീഹാർ ധനമന്ത്രി സുശീൽ കുമാർ മോദി ആരോപിച്ചു.
സംസ്ഥാന ലോട്ടറികളുടെ നികുതി 28 ശതമാനമാക്കി ഉയർത്താനുള്ള നീക്കത്തെ കേരളം ശക്തമായി എതിർത്തു. ഒമ്പത് സംസ്ഥാനങ്ങളും വിയോജിപ്പറിയിച്ചു. തുടർന്ന് വിഷയം പ്രത്യേക സമിതിയുടെ പരിശോധനക്ക് വിടാനും ജി എസ് ടി കൗൺസിൽ തീരുമാനിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിലെ നികുതി നിരക്ക് പഠിക്കാൻ ഒരു മന്ത്രിതല ഉപസമിതിയെയും ജി എസ് ടി കൗൺസിൽ ചുമതലപ്പെടുത്തി.