കെ ടി ജലീലിനെതിരെയുള്ള ലോകായുക്ത വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല
കെ. ടി ജലീലിനെതിരായ ലോകായുക്ത വിധി ചട്ടപ്രകാരമല്ലെന്നായിരുന്നു അഡ്വക്കറ്റ് ജനറല്‍, സര്‍ക്കാറിന് നല്‍കിയ നിയമോപദേശം. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന വിധി ലോകായുക്തയുടെ നിയമം ഒമ്പതാം ചട്ടമനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്
തിരുവനന്തപുരം :കെ ടി ജലീലിനെതിരെയുള്ള ലോകായുക്ത വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല. ജലീൽ രാജി വെച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിക്കേണ്ടെന്ന തീരുമാനം. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് എജിയിൽ നിന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു. സർക്കാരിന് കോടതിയെ സമീപിക്കാമെന്നായിരുന്നു നിയമോപദേശം. എന്നാൽ ജലീലിന്‍റെ രാജിയോടെ തീരുമാനം മാറ്റുകയായിരുന്നു. ജലീൽ സമർപ്പിച്ച ഹരജിയിൽ കോടതിയുടെ അവധിക്കാല ബഞ്ച് ഇന്നും വിധി പറയില്ല.
കെ. ടി ജലീലിനെതിരായ ലോകായുക്ത വിധി ചട്ടപ്രകാരമല്ലെന്നായിരുന്നു അഡ്വക്കറ്റ് ജനറല്‍, സര്‍ക്കാറിന് നല്‍കിയ നിയമോപദേശം. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന വിധി ലോകായുക്തയുടെ നിയമം ഒമ്പതാം ചട്ടമനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. അന്വേഷണം തീരുമാനിച്ചാല്‍ നോട്ടീസ് സഹിതം പരാതിയുടെ പകര്‍പ്പ് കൈമാറണമെന്നാണ് നിയമം. എന്നാല്‍ ജലീലിന് വിധിപകര്‍പ്പിനൊപ്പമാണ് പരാതിയുടെ പകര്‍പ്പും നല്‍കിയത്. അതിനാല്‍ ലോകായുക്തയുടെ വിധി ചട്ടപ്രകാരമല്ലെന്നായിരുന്നു എജി സര്‍ക്കാരിന് നല്‍കിയ നിയമോപദേശം.
സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി ബന്ധു കെ.ടി അദീബിനെ, മന്ത്രി കെ ടി ജലീല്‍ നിയമിച്ചിരുന്നു. ഇതിനായി ജനറല്‍ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്താനും മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇത് നിയമവിരുദ്ധമായതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്. വിധി വന്നതിനെ തുടര്‍ന്ന് ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജി പ്രഖ്യാപിക്കുകയായിരുന്നു.