നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നൽകും
സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിനെ സംബന്ധിച്ച പരാമര്‍ശം നയപ്രഖ്യാനത്തില്‍ ഉള്‍പ്പെടുത്തുന്നത് കോടതിലക്ഷ്യമാണെന്നും സര്‍ക്കാരിന്‍റെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്ത വിഷയം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്.
തിരുവനന്തപുരം :നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പൗരത്വ നിയമത്തിനെതിരായ പരാമർശം ഉൾപ്പെടുത്തിയതിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.ബുധനാഴ്ച അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ പൗരത്വനിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ പുനപരിശോധിക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് കോടതിയില്‍ ഇരിക്കുന്ന വിഷയം നിയമസഭയില്‍ പറയുന്നത് കോടതിലക്ഷ്യമല്ലെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികളും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും .
സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിനെ സംബന്ധിച്ച പരാമര്‍ശം നയപ്രഖ്യാനത്തില്‍ ഉള്‍പ്പെടുത്തുന്നത് കോടതിലക്ഷ്യമാണെന്നും സര്‍ക്കാരിന്‍റെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്ത വിഷയം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്. എന്നാല്‍ മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുന്നത് കോടതിലക്ഷ്യമല്ലെന്ന് 1997ലെ സ്പീക്കറുടെ റൂളിങ് ഉള്ളത് കൊണ്ട് ഗവര്‍ണര്‍ ഉന്നയിക്കുന്ന തടസ്സം നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പരിഗണനയിലിരിക്കുന്ന കേസ് സംബന്ധിച്ച് ഏതെങ്കിലും നിഗമനങ്ങളിലേക്ക് സഭ കടക്കാത്തത് കൊണ്ട് മറ്റ് തടസ്സങ്ങളില്ലെന്ന മറുപടിയായിരിക്കും സര്‍ക്കാര്‍ നല്‍കുക. മുന്‍കാല സുപ്രീംകോടതി വിധികള്‍ സര്‍ക്കാര്‍ നിലപാടിനെ സാധൂകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണത്തില്‍ തൃപ്തിയില്ലെങ്കില്‍ രണ്ട് കാര്യങ്ങളായിരിക്കും ഗവര്‍ണര്‍ക്ക് ചെയ്യാന്‍ കഴിയുക. ഒന്നുകില്‍ പൌരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ വായിക്കാതെ ഒഴിവാക്കുക. ഇല്ലെങ്കില്‍ വായിച്ച ശേഷം തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തുക. ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കിയാലും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമായിരിക്കും സഭാ രേഖകളില്‍ ഉണ്ടാവുക