സുഗന്ധഗിരി മരം മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ച് സർക്കാർ
നടപടി നേരിട്ട ഉദ്യോഗസ്ഥർക്ക് എൻസിപി നേതൃത്വവുമായി ബന്ധമുണ്ടെന്നാണ് വിവരം. രാഷ്ട്രീയനേതൃത്വത്തിന്‍റെ ഇടപെടലാണ് അതിവേഗത്തിലുള്ള മരവിപ്പിക്കലിന് പിന്നിൽ എന്നാണ് സൂചന .
കൽപറ്റ| സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ച് സർക്കാർ. സസ്പെൻഷൻ ഉത്തരവിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് അതിവേഗത്തിലുള്ള മരവിപ്പിക്കൽ. എൻസിപി നേതൃത്വത്തിൻറെ ഇടപെടലാണ് വനംവകുപ്പ് തീരുമാനത്തിന് പിന്നിലെന്ന സൂചനയുണ്ട്. സുഗന്ധഗിരി മരം മുറിയിൽ മുഖംനോക്കാതെ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നായിരുന്നു വനംമന്ത്രിയുടെ പ്രഖ്യാപനം, വനംവകുപ്പ് വിജിലൻസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ ഉത്തരവ്.സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ് ന, ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബീരാൻകുട്ടി എന്നിവരെയായിരുന്നു ഇന്നലെ രാത്രി സസ്പെൻഡ് ചെയ്തത്. പക്ഷെ ഉത്തരവിറങ്ങിയതിന് പിന്നാലെ ഇന്ന് എല്ലാം മരവിപ്പിച്ചു. വിശദീകരണം ചോദിച്ചശേഷം നടപടി മതി എന്നാണ് പുതിയ തീരുമാനമെന്നാണ് വനംവകുപ്പ് വിശദീകരണം.
അതേസമയം നടപടി നേരിട്ട ഉദ്യോഗസ്ഥർക്ക് എൻസിപി നേതൃത്വവുമായി ബന്ധമുണ്ടെന്നാണ് വിവരം. രാഷ്ട്രീയനേതൃത്വത്തിന്‍റെ ഇടപെടലാണ് അതിവേഗത്തിലുള്ള മരവിപ്പിക്കലിന് പിന്നിൽ എന്നാണ് സൂചന . എടുത്ത നടപടി മരവിപ്പിച്ചതിൽ വനംവകുപ്പ് കടുത്ത വെട്ടിലായി. വ്യാപകമായി മരംമുറിച്ചതിൽ ഡിഎഫ്ഒ അടക്കമുള്ളവരുെ വീഴ്ചകൾ സസ്പെൻഷൻ ഉത്തരവിൽ എടുത്തുപറഞ്ഞിരുന്നു.സർക്കാർ താല്പര്യം സംരക്ഷിക്കുന്നതിൽ ഡിഎഫ്ഒക്ക് വീഴ്ചയുണ്ടായെന്നായിരുന്നു ഉത്തരവിലെ വിമർശനം. റേഞ്ച് ഓഫീസർക്കും ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്കും ഫീൽഡ് പരിശോധനയിൽ വീഴ്ചപറ്റിയെന്നും ഉത്തരവിലുണ്ടായിരുന്നു. വനംവകുപ്പിലെ 18 ഉദ്യോഗസ്‌ഥർക്കെതിരെയായിരുന്നു നടപടിക്ക് ശുപാർശ. ഇതിൽ 9 പേർക്കെതിരെ നടപടി എടുത്തതിൽ മൂന്ന് പേരുടെ സസ്പെൻഷനാണ് ഇപ്പോൾ മരവിപ്പിച്ചത്.