സംസ്ഥാനത്ത് സർക്കാർ സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി
സംസ്ഥാനത്ത് സ്ത്രീധനത്തെ ചൊല്ലിയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്ത്രീധനത്തിനെതിരെ കർശന നടപടികളുമായി സർക്കാർ മുന്നോട്ട് നീങ്ങുന്നത്
തിരുവനന്തപുരം:സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരെ നിശ്ചയിച്ചതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.സംസ്ഥാനത്ത് സ്ത്രീധനത്തെ ചൊല്ലിയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്ത്രീധനത്തിനെതിരെ കർശന നടപടികളുമായി സർക്കാർ മുന്നോട്ട് നീങ്ങുന്നത്. വനിത ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫിസറായും നിയമിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫിസുകളിൽ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷൻ ഓഫിസർ തസ്തിക ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ 14 ജില്ലകളിലും വ്യാപിപ്പിച്ചത്.
അതേസമയം, സർവകലാശാലകളിൽ പഠനത്തിനെത്തുന്ന വിദ്യാർത്ഥികളിൽ നിന്ന് സ്ത്രീധനം വാങ്ങില്ലെന്ന ബോണ്ട് എഴുതി വാങ്ങാൻ തീരുമാനിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച് ചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം. സ്ത്രീധനം സ്ത്രീ വിഷയം മാത്രമല്ലെന്നും മാനുഷിക പ്രശ്‌നമാണെന്നും ഗവർണർ പറഞ്ഞു.