ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു.
72 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. 72 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍.
ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഈ ഘട്ടത്തോടെ വോട്ടെടുപ്പിന് തുടക്കമാകുമ്പോള്‍ മഹാരാഷ്ട്ര, ഒഡിഷ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും. കനൌജില്‍ എസ്.പി നേതാവ് ഡിംപിള്‍ യാദവ്, ഉന്നാവയില്‍ ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ്, ഫറൂഖാബാദില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, കാണ്‍പൂരില്‍ കോണ്‍ഗ്രസിന്റെ ശ്രീ പ്രകാശ് ജയ്സ്വാള്‍, ചിന്ദ്വാഡയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ്, ബേഗുസരായിയില്‍ സി.പി.ഐ യുവനേതാവ് കനയ്യ കുമാര്‍, അസന്‍സോളില്‍ ബിജെപിയുടെ ബാബുല്‍ സുപ്രിയോ തുടങ്ങിയവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. കനൌജില്‍ പ്രധാനമന്ത്രിയുടെ പ്രചാരണ റാലിയോടെയായിരുന്നു ബി.ജെ.പിയുടെ കൊട്ടിക്കലാശം. രാജ്യദ്രോഹനിയമം പിന്‍വലിക്കുന്ന കോണ്‍ഗ്രസിന്റെ കയ്യില്‍ എങ്ങനെയാണ് രാജ്യം സുരക്ഷിതമായിരിക്കുകയെന്ന് മോദിയും അഞ്ച് വര്‍ഷം കളവ് പറഞ്ഞ മോദി കര്‍ഷകരെ കുറിച്ചും തൊഴിലിനെക്കുറിച്ചും പറയാത്തതെന്തെന്ന് രാഹുല്‍ ഗാന്ധിയും വാദപ്രതിവാദങ്ങളില്‍ വീണ്ടുമേര്‍പ്പെട്ടു.
അമേഠിയിലും റായ്ബറേലിയിലും രാഹുല്‍ പര്യടനം നടത്തി. ഉന്നാവോ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ്ഷോയോടെയായിരുന്നു കോണ്‍ഗ്രസിന്റെ കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണത്തിന്റെ സമയം. മറ്റന്നാള്‍ പോളിങ്.