സർക്കാർ നിലപാട് കടുപ്പിച്ചാലും വീടുകളിൽ നിന്നിറങ്ങില്ലെന്ന് മരട് ഫ്ലാറ്റ് ഉടമകൾ.
ഫ്ലാറ്റുകളിൽ തുടർന്ന്കൊണ്ട് പ്രതിഷേധം ശക്തമാക്കുമെന്നു ഉടമകൾ.വെള്ളവും വൈദ്യുതിയും വിഛേദിക്കാനുളള നീക്കം തടയാനുമാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.
കൊച്ചി: സര്‍ക്കാർ നിലപാട് കടുപ്പിച്ചാലും ഫ്ലാറ്റുകളിൽ നിന്ന് ഇറങ്ങില്ലെന്ന നിലപാടിലാണ് മരടിലെ ഫ്ലാറ്റ് ഉടമകൾ. വെള്ളവും വൈദ്യുതിയും വിഛേദിക്കാനുളള നീക്കം തടയാനുമാണ് തീരുമാനം. ഫ്ലാറ്റുകളിൽ തുടർന്ന് കൊണ്ട് പ്രതിഷേധം ശക്തമാക്കും. വെളളവും വൈദ്യുതിയും തടഞ്ഞാലും ഫ്ലാറ്റ് ഒഴിയില്ല. വിദേശത്തുള്ള ഫ്ലാറ്റ് ഉടമകളെ കൂടി നാട്ടിലെത്തിച്ച് പ്രതിഷേധങ്ങളുടെ ഭാഗമാക്കാനും തീരുമാനിച്ചു.എന്നാൽ, സർക്കാർ നിർദ്ദേശവുമായി മുന്നോട്ട് പോകാനാണ് നഗരസഭയുടെ തീരുമാനം. സർക്കാർ നിർദ്ദേശിച്ചാൽ പുനരിധവാസത്തിന് ആവശ്യമായ നടപടകൾ സ്വീകരിക്കും. വെള്ളിയാഴ്ചയ്ക്ക് മുമ്പായി വെള്ളം – വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുമെന്നും നഗരസഭ അധ്യക്ഷ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മരടിൽ ഫ്ലാറ്റ് നിർമാതാക്കൾക്ക് എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് ഉടമകൾക്ക് നഷ്ടപരിഹാരം വാങ്ങി നൽകണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. ഫ്ലാറ്റുകൾ പൊളിക്കാൻ ചീഫ് സെക്രട്ടറി തയ്യാറാക്കിയ കർമ്മപദ്ധതിയിലാണ് ഇക്കാര്യമുള്ളത്. ഫ്ലാറ്റുകൾ പൊളിക്കാതെ മറ്റ് മാർഗമില്ലെന്ന് ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചിട്ടുമുണ്ട്. സുപ്രീംകോടതി നിലപാട് കർക്കശമാക്കിയ സഹചര്യത്തിലാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് കർമ്മപദ്ധതി തയ്യാറാക്കിയത്. ഇതിനിടെ, പൊലീസ് സംരക്ഷണത്തോടെ വെള്ളം, വൈദ്യുതി കണക്ഷനുകൾ വിഛേദിക്കനാണ് കെ എസ് ഇ ബി യുടെയും വാട്ടർ അതോറിറ്റിയുടെയും തീരുമാനം.