ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങള്‍ ഇന്ന് യാത്ര തിരിക്കും.

ഏഴ് പ്രതിനിധി സംഘങ്ങളിലെ ആദ്യ മൂന്ന് ടീം ആണ് ഇന്ന് പുറപ്പെടുക.

ഡല്‍ഹി|രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങള്‍ ഇന്ന് യാത്ര തിരിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്താനെ ഒറ്റപ്പെടുത്തുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം. ഏഴ് പ്രതിനിധി സംഘങ്ങളിലെ ആദ്യ മൂന്ന് ടീം ആണ് ഇന്ന് പുറപ്പെടുക. ജനതാദള്‍ നേതാവ് സഞ്ജയ് ഝാ നയിക്കുന്ന മൂന്നാമത്തെ സംഘം, ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ നയിക്കുന്ന നാലാം സംഘം, ഡിഎംകെ എംപി കനിമൊഴി നയിക്കുന്ന ആറാമത്തെ സംഘം എന്നിവരാണ് ഇന്ന് യാത്ര തിരിക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പ്രതിനിധി സംഘങ്ങൾ അതത് രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍, മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ വിശദീകരിക്കും.ഇന്നലെ പാർലമെൻ്റ് ഹൗസിൽ പ്രതിനിധി സംഘങ്ങൾക്ക് വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ബ്രീഫിംഗ് നടന്നിരുന്നു. 2001 മുതൽ പാകിസ്ഥാൻ ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളുടെ വിശദവിവരങ്ങളും ഓപ്പറേഷൻ സിന്ദൂർ വിഷയവും എംപിമാർക്ക് വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.

ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുക യുഎഇയിലാണ്. ശേഷം ലിബേറിയ, കോംഗോ, പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയേറാ ലിയോണ്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഏഴംഗ സംഘങ്ങളില്‍ ഷിന്‍ഡെയാണ് പ്രായം കുറഞ്ഞ സംഘത്തലവന്‍. മുസ്ലിം ലീഗ് എം പി ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടുന്നതാണ് സംഘം.ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും ആക്രമിച്ചാല്‍ കൃത്യമായ തിരിച്ചടി നല്‍കുമെന്നുമുള്ള വ്യക്തമായ സന്ദേശം രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ഷിന്‍ഡെ വ്യക്തമാക്കി. സാമ്പത്തിക വികസനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പാക്കിസ്താന്‍ തീവ്രവാദം വളര്‍ത്തുന്ന തിരക്കിലാണെന്നും ഷിന്‍ഡെ പറഞ്ഞു .വിദേശ പര്യടനത്തിനുള്ള സർവകക്ഷി സംഘാംഗങ്ങളുടെ അവസാന പട്ടിക കേന്ദ്രം പുറത്തു വിട്ടത് കോൺഗ്രസിനകത്ത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. കോൺഗ്രസ് ശുപാർശ ചെയ്ത നാല് പേരില്‍ ആനന്ദ് ശർമ മാത്രമാണ് സംഘത്തിൽ ഉള്ളത്. ശുപാർശ പട്ടികയിൽ ഇല്ലാതിരുന്ന എംപിമാരായ ശശി തരൂർ, അമർ സിംഗ്, മനീഷ് തിവാരി എന്നിവരെ കേന്ദ്രം സ്വന്തം നിലയിൽ തെരഞ്ഞെടുത്തതാണ് ചർച്ചയായത്.വിദേശത്തേക്ക് അയയ്‌ക്കേണ്ട പ്രതിനിധി സംഘത്തിൽ കോൺഗ്രസ് നൽകിയവരുടെ ലിസ്റ്റിൽ ശശി തരൂർ ഇല്ലെന്ന് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. തരൂർ ബിജെപിയോട് അടുക്കുന്നതിൻ്റെ സൂചനയായി കേന്ദ്ര ക്ഷണത്തെ നേതാക്കൾ കാണുകയും പ്രതികരിക്കുകയും ചെയ്തു.

കേന്ദ്രസർക്കാരിൻ്റെ ക്ഷണത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് ശശി തരൂരിൻ്റെ പക്ഷം. തന്റെ കഴിവിനെപ്പറ്റിയോ കഴിവില്ലായ്മയെപ്പറ്റിയോ കോൺഗ്രസിന് അഭിപ്രായമുണ്ടാകാം. എന്നാൽ രാഷ്ട്രമുണ്ടെങ്കിലെ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ എന്ന് ശശി തരൂർ കോണ്‍ഗ്രസിന് മറുപടി നൽകി. കേന്ദ്ര സർക്കാർ രാജ്യത്തിനായി എല്ലാ പാർട്ടി പ്രതിനിധികൾക്കും അവസരം നൽകുമ്പോൾ, അതിനനുസരിച്ച് പ്രവർത്തിക്കേണ്ടത് കടമ കൂടിയാണെന്നും ശശി തരൂർ പ്രതികരിച്ചിരുന്നു.

ബിജെപിയുടെ ബൈജയന്ത് ജയ് പാണ്ഡ, രവിശങ്കർ പ്രസാദ്, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, കോൺഗ്രസിന്റെ ശശി തരൂർ, ഡിഎംകെയുടെ കനിമൊഴി, എൻസിപി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെ എന്നിവർ നേതൃത്വം നൽകുന്ന ഏഴ് പ്രതിനിധി സംഘങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വിശദീകരിക്കാനും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടാനും പോകുന്നത്.

You might also like

-