യുക്രെയ്നിൽ കുടുങ്ങിയ 219 യാത്രക്കാരുമായി ആദ്യ സംഘം മുംബൈയിലെത്തി
ആദ്യ സംഘത്തിൽ മുപ്പതിലധികം മലയാളികളുണ്ട്. എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിലാണ് ഇവരെ എത്തിച്ചത്.ബുക്കാറെസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി 1.30ഓടെ ഡൽഹിയിൽ എത്തും. രണ്ടാം സംഘത്തിൽ 17 മലയാളികളാണുള്ളത്.
മുംബൈ | റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ സംഘം മുംബൈയിലെത്തി. 219 യാത്രക്കാരുമായി ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനമാണ് മുംബൈയിലെത്തിയത്. ആദ്യ സംഘത്തിൽ മുപ്പതിലധികം മലയാളികളുണ്ട്. എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിലാണ് ഇവരെ എത്തിച്ചത്.ബുക്കാറെസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി 1.30ഓടെ ഡൽഹിയിൽ എത്തും. രണ്ടാം സംഘത്തിൽ 17 മലയാളികളാണുള്ളത്. മുംബൈയിലെത്തിയ ആദ്യ സംഘത്തെ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ സ്വീകരിച്ചു.
#WATCH The second flight from Bucharest has taken off for Delhi with 250 Indian nationals#OperationGanga pic.twitter.com/2DVT4dGYF4
— ANI (@ANI) February 26, 2022
മാതൃരാജ്യത്തേക്ക് സ്വാഗതം എന്ന കുറിപ്പോടെ ട്വിറ്ററിലൂടെ പീയൂഷ് ഗോയൽ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. വിമാനത്തിന് അകത്ത് എത്തിയാണ് അദ്ദേഹം ഇവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. വിമാനത്തിൽ ഉണ്ടായിരുന്നവരുടെ മുഖത്ത് വിരയുന്ന ചിരിയിൽ സന്തോഷം തോന്നുന്നുവെന്ന് അദ്ദേഹം കുറിച്ചു. ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷ ഉറപ്പിക്കാൻ വിശ്രമമില്ലാത്ത പരിശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസർക്കാരെന്നും അദ്ദേഹം പറഞ്ഞു.
റൊമാനിയയിലെ ഇന്ത്യൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ നേരിട്ടെത്തിയാണ് ഇന്ത്യൻ പൗരൻമാരെ യാത്രയാക്കിയത്. അവസാന പൗരനെയും സുരക്ഷിതമായി ഒഴിപ്പിക്കാതെ തങ്ങളുടെ ദൗത്യം അവസാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആശങ്കയിൽ യുക്രെയ്‌നിൽ തുടരുന്ന ഇന്ത്യക്കാർക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.കേന്ദ്ര സർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങൾ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലാണ് എത്തുന്നത്. വിദ്യാർത്ഥികളുടെ യാത്രാച്ചിലവ് വഹിക്കുന്നത് കേന്ദ്ര സർക്കാർ ആയിരിക്കുമെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഏകദേശം, ഇരുപതിനായിരത്തിലധികം ഇന്ത്യക്കാരാണ് യുക്രെയിനിൽ ഒഴിപ്പിക്കലിനായി കാത്തിരിക്കുന്നത്. ഇവരെ സുരക്ഷിതരായി തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രാഥമിക ഘട്ടത്തിൽ യുക്രെയ്നിൽ നിന്നും അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഒഴിപ്പിക്കൽ ഒഴിപ്പിക്കൽ നടത്തുന്നത്.
രണ്ടാമത്തെ വിമാനം റൊമേനിയയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഡൽഹിയിലേക്ക് ഇവരെ കൊണ്ടുവരുന്നത്. പതിനേഴ് മലയാളികളാണ് ഈ സംഘത്തിലുള്ളത്. ഇവർക്കുള്ള താമസം കേരളഹൗസിൽ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തും. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.