എടവണ്ണ തീപിടുത്തം; പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്അനുമതികൾ ഇല്ലാതെ ജനവാസ കേന്ദ്രത്തില്‍
എടവണ്ണയിലെ സ്ഥാപനം പ്രവര്‍ത്തിച്ചത് ലൈസന്‍സ് ഇല്ലാതെ. 2018-19 വർഷത്തിൽ സ്ഥാപനത്തിന് പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും ആക്ഷേപമുണ്ട്.
മലപ്പുറം എടവണ്ണയില്‍ വന്‍ തീപിടുത്തമുണ്ടായ പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് ജനവാസ കേന്ദ്രത്തില്‍. നാട്ടുകാരും ഫയര്‍ ഫോഴ്സും സമയോചിതമായി ഇടപെട്ടതു മൂലമാണ് വന്‍ അപകടം ഒഴിവായത്. സമീപത്തെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പോലും കനത്ത ചൂടില്‍ ഉരുകി.പെയിന്റും അനുബന്ധ ഉല്‍പ്പന്നങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ജനവാസ കേന്ദ്രത്തിന്റെ നടുക്കുണ്ടായ തീപിടുത്തം ആളുകളെ പരിഭ്രാന്തരാക്കി. ഗോഡൌണില്‍ തീ പടര്‍ന്നതോടെ ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു പോലും കേടുപാടുകള്‍ സംഭവിച്ചു. തെങ്ങുള്‍പ്പെടെയുളള വൃക്ഷങ്ങളും കത്തി നശിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ വീടുകളില്‍ നിന്നും ആളുകളെ മാറ്റി. ഇതിനിടെ ഗോഡൌണില്‍ പൊട്ടിത്തെറി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്ത പരന്നതും ആളുകളെ പരിഭ്രാന്തരാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആധുനിക അഗ്നിശമനാ സംവിധാനങ്ങളുള്‍പ്പെടെ സ്ഥലത്തെത്തിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും രാത്രിയോടെയാണ് തീ നിയന്ത്രണവിധേയമായത്
അതേസമയം എടവണ്ണയിലെ സ്ഥാപനം പ്രവര്‍ത്തിച്ചത് ലൈസന്‍സ് ഇല്ലാതെ. 2018-19 വർഷത്തിൽ സ്ഥാപനത്തിന് പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും ആക്ഷേപമുണ്ട്. ഹാശിലാക് വുഡ് കോട്ടിങ് & ടിന്നർ എന്ന സ്ഥാപനം പെയിന്റ് ഗോഡൗൺ ആണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രവര്‍ത്തിച്ചതെന്നാണ് ആരോപണം.