കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ചെന്ന് എഫ് ഐ ആർ
അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. കൊലപാതകമെന്ന വിവരം ലഭിച്ചത് അമ്പലപ്പുഴ പൊലീസിനാണ്. വിശ്വസനീയമായ വിവരമാണ് പൊലീസിന് ലഭിച്ചത്
ആലപ്പുഴ| മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ചെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് യഥാക്രമം 2,3,4 പ്രതികൾ. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും ഇവരും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി.2009 ലായിരുന്നു സംഭവം. മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു എന്നും പൊലീസ് പറയുന്നു. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറഞ്ഞിട്ടില്ല. അനിൽ ഇപ്പോൾ വിദേശത്താണുള്ളത്. അനിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ഇയാളെ നാട്ടിലെത്തിക്കുമെന്നും പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു
അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. കൊലപാതകമെന്ന വിവരം ലഭിച്ചത് അമ്പലപ്പുഴ പൊലീസിനാണ്. വിശ്വസനീയമായ വിവരമാണ് പൊലീസിന് ലഭിച്ചത്. എന്നാൽ ആരാണ് വിവരം നൽകിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നും എസ് പി ചൈത്ര തെരേസ ജോൺ വ്യക്തമാക്കി. 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തി അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ അരിച്ചെടുത്ത് ഫോറൻസിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതിൽ വ്യക്തത വരുത്താനാകൂ.
കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തിൽ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കല കൊല്ലപ്പെട്ടതാണെന്ന് ഈ സുഹൃത്തുക്കൾ സമ്മതിച്ചു. തുടർന്നാണ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്.
കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കാണാതാകുമ്പോൾ കലയ്ക്ക് 20 വയസ്സായിരുന്നു പ്രായം. കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. കലയെ കാണാതായതിന് ശേഷം അനില്‍ വിദേശത്തേക്ക് ജോലി ആവശ്യാര്‍ഥം പോകുകയായിരുന്നു. ഇയാള്‍ പിന്നീട് വീണ്ടും വിവാഹിതനാകുകയും ചെയ്തു. നിലവിൽ ഇസ്രയേലിലാണ് അനിൽ.