ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത് ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം :മോദി

ലിംഗ സമത്വം ചൂണ്ടിക്കാട്ടി മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് കൊണ്ടുവന്ന ബിജെപിയും കേന്ദ്ര സര്‍ക്കാരും ശബരിമലയില്‍ യുവതി പ്രവേശനത്തെ തടയുന്നത് ഇരട്ടത്താപ്പല്ലേയെന്ന ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി.

0

ഡൽഹി :ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത് ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരുഷന്‍മാര്‍ക്ക് പ്രവേശനം ഇല്ലാത്ത ക്ഷേത്രങ്ങളുണ്ട്. വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പുറപ്പെടുവിച്ച ന്യൂനപക്ഷ വിധി പ്രസക്തമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. മുത്തലാഖ് സ്തീ സമത്വവുമായി ബന്ധപ്പെട്ട കാര്യമാണെന്നും, ഇതിനെ ശബരിമലയുമായി താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിംഗ സമത്വം ചൂണ്ടിക്കാട്ടി മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് കൊണ്ടുവന്ന ബിജെപിയും കേന്ദ്ര സര്‍ക്കാരും ശബരിമലയില്‍ യുവതി പ്രവേശനത്തെ തടയുന്നത് ഇരട്ടത്താപ്പല്ലേയെന്ന ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. ആചാര സംരക്ഷണമെന്ന പേരില്‍ യുവതി പ്രവേശനത്തിനുള്ള വിലക്കിനെ പിന്തുണച്ച മോദി, ഇക്കാര്യത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പുറപ്പെടുവിച്ച ന്യൂനപക്ഷ വിധി പ്രസക്തമാണെന്നും പറഞ്ഞു.

മുത്തലാഖ് ഇസ്ലാമിക രാജ്യങ്ങള്‍ പോലും നിരോധിച്ച ആചാരമാണ്. ഇക്കാര്യത്തില്‍ ലിംഗ നീതിയും സ്ത്രീ സമത്വുവുമാണ് വിഷയമാകുന്നത്. ഇതിനെതിരെ നിയമം കൊണ്ട് വരുന്നത് മതവിശ്വാസത്തിലുള്ള കൈ കടത്തലല്ല. ശബരിമല വിഷയവുമായി താരതമ്യം ചെയ്യാനും കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശബരിമലയില്‍ യുവതി പ്രവേശം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്കെതിരെ ബിജെപി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരത്തെ മോദി പിന്തുണ പ്രഖ്യാപിച്ചിരുന്നു. സുപ്രിം കോടതിയുടെ ഭരണഗഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരായ സമരത്തിന് പ്രധാനമന്ത്രി സ്ഥാനം പോലുള്ള ഭരണഘടന പദവി വഹിക്കുന്ന വ്യക്തി തന്നെ പിന്തുണയറിയിക്കുന്നതിനെക്കുറിച്ചുള്ള വിമര്‍ശവും അന്ന് ഉയര്‍ന്നിരുന്നു.

You might also like

-