ഇന്ത്യൻ പൗരന്മാർക്ക് കീവിലെ എംബസിയുടെ പുതിയ ജാഗ്രതാ നിർദേശം,അനുമതിയില്ലാതെ അതിർത്തി കടക്കാൻ ശ്രമിക്കരുത് .
യുക്രെയ്‌ന്റെ കിഴക്കൻ മേഖലകളിൽ ഉള്ളവർ നിലവിലെ താമസസ്ഥലത്ത് തന്നെ തുടരണം. പുതിയ മാർഗനിർദേശങ്ങൾക്കായി കാത്തിരിക്കണം.
കീവ് | ഇന്ത്യൻ പൗരന്മാർക്ക് കീവിലെ എംബസിയുടെ പുതിയ ജാഗ്രതാ നിർദേശം. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതിയില്ലാതെ ആരും അതിർത്തികളിലേക്ക് എത്തരുതെന്നും അതിർത്തി കടക്കാൻ ശ്രമിക്കരുതെന്നുമാണ് നിർദേശം.
മുൻകൂർ അനുമതി ഇല്ലാതെ എത്തുന്നവരെ അതിർത്തി കടത്താൻ ബുദ്ധിമുട്ടുന്നുവെന്നും എംബസി അറിയിച്ചു. ഭക്ഷണവും വെള്ളവും താമസവും ലഭ്യമായിട്ടുള്ളവർ അവിടെ തന്നെ തുടരണമെന്നും എംബസി പുറത്തിറക്കിയ പുതിയ നിർദേശത്തിൽ പറയുന്നു.
അതിർത്തി ചെക്ക്‌പോസ്റ്റുകളിലെ സാഹചര്യം പ്രവചനാതീതമാണ്. എന്നിരുന്നാലും അയൽരാജ്യങ്ങളിലെ എംബസിയുമായി കീവിലെ ഇന്ത്യൻ എംബസി ആശയവിനിമയം നടത്തുന്നുണ്ടെന്നും സംയുക്ത സഹകരണത്തിലൂടെ രക്ഷാദൗത്യത്തിനായുള്ള ശ്രമങ്ങൾ ശക്തമായി പുരോഗമിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.യുക്രെയ്‌ന്റെ കിഴക്കൻ മേഖലകളിൽ ഉള്ളവർ നിലവിലെ താമസസ്ഥലത്ത് തന്നെ തുടരണം. പുതിയ മാർഗനിർദേശങ്ങൾക്കായി കാത്തിരിക്കണം. അതുവരെ ആശങ്കപ്പെടാതെ സമാധാനപരമായി വീടുകളിൽ തന്നെ തുടരുക. അനാവശ്യമായ സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും കീവിലെ ഇന്ത്യൻ എംബസി നിർദേശിച്ചു.