കാസർകോട് കള്ളാ വോട്ട് അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍, കള്ളവോട്ട് ചെയ്ത സ്ത്രീകൾക്കെതിരെ കേസ്
കാസർകോട് കള്ളവോട്ട് ചെയ്ത പത്മിനി, സലീന എന്‍.പി, സുമയ്യ കെ.പി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ചെയ്യും
കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നു എന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു. ഒരു വ്യക്തി രണ്ട് തവണ വോട്ട് ചെയ്‌തെന്ന് ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം 48ാം നമ്പര്‍ ബൂത്തിൽ വെബ് കാസ്റ്റിങ്ങ് നടത്തിയ അക്ഷയ സംരംഭകന്‍ ജിതേഷ്, പ്രിസൈഡിങ്ങ് ഓഫീസര്‍ ബി കെ ജയന്തി, ഒന്നാം പോളിങ്ങ് ഓഫീസര്‍ എം ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിങ്ങ് ഓഫീസര്‍ സി ബി രത്‌നാവതി, മൂന്നാം പോളിങ് ഓഫീസര്‍ പി വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫീസറും സെക്ടറല്‍ ഓഫീസറുമായ എ വി സന്തോഷ്, ബിഎല്‍ഒ ടി വി ഭാസകരന്‍ എന്നിവരുടെ മൊഴിരേഖപ്പെടുത്തി
പോളിംഗ് ബൂത്തിൽ രണ്ട് തവണ പ്രവേശിച്ചതായി വീഡിയോയിൽ കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ ശ്യാംകുമാർ സിആര്‍പിസി 33 വകുപ്പനുസരിച്ച് നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ വരണാധികാരി ഡോ ഡി സജിത് ബാബു മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കലക്‌ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് . ഹാജരാകാത്ത പക്ഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു . കോൺഗ്രസ്സ് ബൂത്ത് എജെന്റ്മാരുടെ മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധനകാൽനടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു
അതേസമയംകാസർകോട് കള്ളവോട്ട് ചെയ്ത പത്മിനി, സലീന എന്‍.പി, സുമയ്യ കെ.പി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ചെയ്യും.
കള്ളവോട്ട് ചെയ്യാന്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് സഹായിച്ചതായി കണ്ടെത്തിയെന്നും ടീക്കാറാം മീണ പറഞ്ഞു. ബൂത്ത് ഏജൻറിനെതിരേയും നടപടിയുണ്ടാകും. കള്ളവോട്ട് കണ്ടെത്തിയ ബൂത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ച ഉണ്ടായി. യു.ഡി.എഫിന്റെ ഏജന്റ് ഇല്ലാത്തത് കൊണ്ട് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥർ ഒത്താശ ചെയ്തോ എന്ന് പരിശോധിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.