എം ആർ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.

പൂരം കലക്കലിൽ തൃതല അന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങി. എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയാണ് അന്വേഷിക്കുക. പുരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും.

തിരുവനന്തപുരം| എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് വിവരം. പിവി അൻവറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമർശമുളളത്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോർട്ടിലുളള തന്റെ കണ്ടെത്തലുകൾ ധരിപ്പിക്കും. എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയർത്തിയത്. പലതരം അന്വേഷണം നടക്കുന്നതിനിടെ ആർഎസ്എസ് കൂടിക്കാഴ്ചയിലും അൻവറിൻറെ പരാതികളിലുമാണ് ഇന്ന് ഡിജിപി റിപ്പോർട്ട് നൽകിയത്. ഇതിൽ അജിത് കുമാറിന് വിനയായത് ആർഎസ്എസ് കൂടിക്കാഴ്ചയെന്നാണ് പുറത്ത് വരുന്ന വിവരം. വൻ വിവാദങ്ങൾക്കിടെ ഒടുവിൽ എഡിജിപി തെറിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

അതേസമയം പൂരം കലക്കലിൽ തൃതല അന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങി. എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയാണ് അന്വേഷിക്കുക. പുരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും. മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് ഇൻ്റലിജൻസ് എഡിജിപിയും അന്വേഷിക്കും. മന്ത്രിസഭാ തീരുമാനം പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങൾ ആരൊക്കെയെന്ന കാര്യം തീരുമാനിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി.

You might also like

-