ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്

ഡിസംബര്‍ 29ന് ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ പിന്നീട് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. ഇവിടെവച്ച് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേതുടര്‍ന്ന് യുവതിയെ അവിടെ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

0

കൊല്ലം| കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തൽ. ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചത്. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നു. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കേരളാപുരം സ്വദേശിയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്ത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസിൽ പരാതിയും നൽകിയിരുന്നു. ലോട്ടറിയും സൗന്ദര്യ വര്‍ദ്ധക വസ്തുകളും വിൽക്കുന്നതായിരുന്നു യുവതിയുടെ ജോലി. ബീച്ചിൽ നിന്നും കിട്ടിയ യുവതിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.

അതേസമയം മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ കൊല്ലം ബീച്ചില്‍വച്ചാണ് പരിചയപ്പെട്ടതെന്ന് കസ്റ്റഡിയിലായ യുവാവ് പൊലീസിന് മൊഴി നൽകിയിരുന്നു . ഡിസംബര്‍ 29ന് ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ പിന്നീട് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. ഇവിടെവച്ച് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേതുടര്‍ന്ന് യുവതിയെ അവിടെ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

ഡിസംബര്‍ 31ന് പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ സംശയകരമായി കണ്ട യുവാവിന്റെ കൈയില്‍ നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ച പൊലീസ് ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടു. യുവതിയെ കാണാതായെന്ന് കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അമ്മ അറിയിച്ചതോടെ ഫോണ്‍ കുണ്ടറ പൊലീസിന് കൈമാറി. യുവതിയുടെ മരണവിവരം അറിഞ്ഞതോടെയാണ് ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ പൊലീസിന് കൈമാറിയത്.

You might also like

-