പാവപ്പെട്ടവരെ ലക്ഷ്യമിട്ട് സി പി ഐ എം പ്രകടനപത്രിക രണ്ട് രൂപയ്ക്ക് 7 കിലോ അരി, അടിസ്ഥാന വേതനം 18000 രൂപ’

തൊഴിലാളികളുടെ അടിസ്ഥാന വേതനം 18000 രൂപയാക്കും എന്നതാണ് പ്രധാന വാഗ്ദാനം. രണ്ട് രൂപ നിരക്കില്‍ ഒരാള്‍ക്ക് ഏഴ് കിലോ ഭക്ഷ്യ ധാന്യം പ്രതിമാസം

0

ഡൽഹി :പാവപ്പെട്ടവരെയും സാധാരണക്കാരേയും തൊഴിലാളികളേയും ലക്ഷ്യംവെച്ച് സിപിഐഎമ്മിന്റെ പ്രകടനപത്രിക. പതിനഞ്ച് വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികളുടെ അടിസ്ഥാന വേതനം 18000 രൂപയാക്കും എന്നതാണ് പ്രധാന വാഗ്ദാനം. രണ്ട് രൂപ നിരക്കില്‍ ഒരാള്‍ക്ക് ഏഴ് കിലോ ഭക്ഷ്യ ധാന്യം പ്രതിമാസം നല്‍കുമെന്നും സിപിഐഎം പ്രകടനപത്രികയിൽ വാക്ദാനം ചെയ്യുന്നു . സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.അധികാരം സിപിഐഎം ൽ എത്തിയാൽ സാര്‍വത്രിക ഭക്ഷ്യവിതരണം നടപ്പിലാക്കുമെന്ന് യെച്ചൂരി പറഞ്ഞു. ഇതിന്റെ ഭാഗമായി ഒരു കുടുംബത്തിന് ഏഴ് കിലോ ഭക്ഷ്യധാന്യം മാസം വിതരണം ചെയ്യും. സൗജന്യ ആരോഗ്യരക്ഷാ അവകാശം നടപ്പിലാക്കും. ജി ഡി പി യുടെ 5 ശതമാനം ആരോഗ്യ രക്ഷക്ക് മാറ്റി വെക്കും. തൊഴില്‍ അവകാശ നിയമം നടപ്പിലാക്കും. വനിതാ സംവരണം 33 ശതമാനമാക്കുമെന്നും സിപിഐഎമ്മിന്റെ പ്രകടന പത്രികയില്‍ പറയുന്നു.

വാര്‍ധക്യകാല പെന്‍ഷനായി ആറായിരം രൂപ നല്‍കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ 50 ശതമാനം കുറയാത്ത വില നല്‍കും. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോ അരി.തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം എന്നിവയും പ്രകടന പത്രികയിലുണ്ട്.ഡിജിറ്റല്‍ മേഖലയെ പൊതുഇടമായി കണക്കാക്കും. ഈ മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കും. നിര്‍ണ്ണായക പദവികളില്‍ ആര്‍എസ്എസ് നേതാക്കളെ ബിജെപി നിയോഗിച്ചത് ഒഴിവാക്കും. സ്ത്രീ സംവരണ ബില്‍ നടപ്പാക്കും.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും റിസര്‍വേഷന്‍ ഉറപ്പാക്കും എന്നും പ്രകടന പത്രിക പറയുന്നു.
സിപിഐഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും പ്രകടന പത്രിക പുറത്തിറക്കി സീതാറാം യെച്ചൂരി പറഞ്ഞു.പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ബൃന്ദ, കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

പ്രകടനപത്രികയിലെ വാക്ദാനങ്ങൾ

1. തൊഴിലാളികളുടെ അടിസ്ഥാന വേധനം 18000 രൂപ ആക്കും

2. കര്‍ഷകര്‍ക്ക് 50 ശതമാനം ഉയര്‍ന്ന താങ്ങു വില ഉറപ്പാക്കും

3. സാര്‍വത്രിക ഭക്ഷ്യ വിതരണം. രണ്ട് രൂപ നിരക്കില്‍ ഒരാള്‍ക്ക് 7 കിലോ ഭക്ഷ്യ ധാന്യം പ്രതിമാസം

4. സൗജന്യ ആരോഗ്യ രക്ഷ അവകാശം. ജിഡിപിയുടെ 5 ശതമാനം ആരോഗ്യ രക്ഷക്ക് മാറ്റി വെക്കും

5. വനിതാ സംവരണം 33 ശതമാനം

6. തൊഴില്‍ അവകാശ നിയമം

7. വയോ ജനങ്ങളുടെ പെന്‍ഷന്‍ 6000 ആയി ഉയര്‍ത്തും

8.പ്രതിരോധ, ഊര്‍ജ, റെയില്‍വേ മേഖലകളിലെ സ്വകാര്യവത്കരണം നിര്‍ത്തലാക്കും

9. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം.

10. ആധാര്‍കാര്‍ഡില്ലാതെ വര്‍ഷം 12 എല്‍പിജി സിലിണ്ടറുകള്‍

11. ആര്‍എസ്എസ് അനുഭാവികളെ രാജ്യത്തിന്റെ തന്ത്ര പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ച ബിജെപി സര്‍ക്കാര്‍ നടപടി റദാക്കും

12. ടെലികോം മേഖലയുടേയും ഇന്റര്‍നെറ്റ് സേവന മേഖലയുടേയും കുത്തകവല്‍ക്കരണം തടയും.

13. ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കും വിധം രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്‌കരിക്കും. ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കും.

14. സ്വകാര്യമേഖലയില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംവരണം ഉറപ്പാക്കും.

15. ധനികരുടേയും കോര്‍പ്പറേറ്റുകളുടേയും നികുതി ഉയര്‍ത്തും. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് നികത്തുംവിധം നികുതിസംവിധാനം പുതുക്കിപ്പണിയും.

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് എന്ന ആമുഖത്തോടെയാണ് സിപിഐഎമ്മിന്റെ പ്രടകനപത്രിക തുടങ്ങുന്നത്. സിപിഐഎം മുന്നോട്ടുവെച്ച തൊഴിലാളി പ്രക്ഷോഭങ്ങള്‍, കര്‍ഷക സമരങ്ങള്‍ ഉള്‍പ്പെടെ പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലോക ചരിത്രത്തില്‍ ആദ്യമായി പ്രകടന പത്രികയുടെ ശബ്ദരേഖ പുറത്തിറക്കി എന്ന പ്രത്യേകതയും സിപിഐഎം പ്രകടന പത്രികയ്ക്കുണ്ട്. ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയാണ് ശബ്ദരേഖ പുറത്തിറക്കിയിട്ടുള്ളത് .

You might also like

-