കൂടത്തായി കൂട്ടക്കൊലപാതകം; പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
മുഖ്യപ്രതിയായ ജോളി ജോസഫ്, ഇവരുടെ സഹായികളായ എം എസ് മാത്യൂ, പ്രജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായാണ് അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചത്.
കോഴിക്കോട് :കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. താമരശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന
മുഖ്യപ്രതിയായ ജോളി ജോസഫ്, ഇവരുടെ സഹായികളായ എം എസ് മാത്യൂ, പ്രജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായാണ് അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചത്. കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ തീരുമാനം. ജോളിയുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജോളി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇത് വരെ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.ഇത് കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം പൊലീസ് ഷാജുവിന്‍റെ വീട് ഉള്‍പ്പടെ പരിശോധിച്ചിരുന്നു. ഷാജുവിനെയും ഷാജുവിന്‍റെ പിതാവിനെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കൂടാതെ വ്യാജമായി ഒസിയത്ത് ഉണ്ടാക്കിയ സംഭവത്തില്‍ ഡെപ്യൂട്ടി താഹ്സില്‍ദാര്‍ ജയശ്രീയില്‍ നിന്നും അന്വേഷണ സംഘം വീണ്ടും വിവരങ്ങള്‍ ശേഖരിക്കും. കഴിഞ്ഞ ദിവസം ജയശ്രീയെ ചോദ്യം ചെയ്തിരുന്നു. ജോളിയുടെ സാമ്പത്തിക ഉറവിടങ്ങളെ കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.