രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. കർത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വിന്യാസം ശക്തമാക്കി. കർത്തവ്യപഥിന്റെയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും.
ഡൽഹി | രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒൻപതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിച്ചു . പത്ത് മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. കർത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വിന്യാസം ശക്തമാക്കി. കർത്തവ്യപഥിന്റെയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും.
74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുന്നതിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. അതിവേഗം വളർന്നുകൊണ്ടിരിക്കു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ നേതൃത്വത്തിലൂടെ കൂടുതൽ സുസ്ഥിരവും സമത്വവും നിറഞ്ഞ ലോകം പടുത്തുയർത്താൻ സാധിക്കും.
ആത്മനിർഭർ ഭാരത് പദ്ധതി ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണമാണുണ്ടാക്കിയതെന്ന് രാഷ്ട്രപതി പറഞ്ഞു. ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്റെയും കടമയാണ്.രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾക്കു കൂടുതൽ ഇടം നൽകണമെന്ന് രാഷ്ട്രപതി പരഞ്ഞു. ജനാധിപത്യം, ബഹുസ്വരത എന്നിവയെ പരിപോഷിപ്പിക്കുന്നതിനും മികച്ച ലോകവും ഭാവിയും രൂപപ്പെടുത്തുന്നതിനുമുള്ള അവസരമാണ് ജി-20 അധ്യക്ഷത പദവിയിലൂടെ ലഭിച്ചത്. രാജ്യത്തിന്റെ ഉന്നതിക്കായി സംഭാവന നൽകുന്ന എല്ലാവരേയും അഭിനന്ദിക്കുന്നതായി സന്ദേശത്തിൽ രാഷ്ട്രപതി അറിയിച്ചു.