കൂനൂർ ഹെലികോപ്റ്റർ ദുരന്തം അട്ടിമറിയില്ല , അപകടകാരണം മോശം കാലാവസ്ഥ
അപകടം മോശം കാലാവസ്ഥ മൂലമുള്ള സാങ്കേതിക പിഴവ് ആകാം എന്നാണ് അന്വേഷണ കമ്മീഷന്റെ നിഗമനം.
ഡൽഹി | സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 15പേരുടെ മരണത്തിന്ഇടയാക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. അപകടം മോശം കാലാവസ്ഥ മൂലമുള്ള സാങ്കേതിക പിഴവ് ആകാം എന്നാണ് അന്വേഷണ കമ്മീഷന്റെ നിഗമനം. ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണം പൂർത്തിയായി.റിപ്പോർട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും.
ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് ഡിസംബർ 8ന് ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീണത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു.ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര. അപകടത്തിൽ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ സംഭവ ദിവസം തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഡിസംബർ 15ന് മരിച്ചു.