കേരളത്തിലെ കോണ്‍ഗ്രസിന് ഇപ്പോള്‍ അമിത് ഷായാണ് നേതാവ്: പിണറായി വിജയന്‍

ശബരിമല വിഷയം തങ്ങളുടെ അജണ്ടയാണെന്നും അതില്‍ പിടിച്ച് മുന്നോട്ടുപോയാല്‍ വിശ്വാസികളെല്ലാം നമുക്കൊപ്പമാകുമെന്നും കമ്മ്യൂണിസ്റ്റുകളും സര്‍ക്കാര്‍ അനുകൂലികളും മാത്രമേ അവശേഷിക്കുകയുള്ളൂവെന്നുമുള്ള ബിജെപി നേതാവ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവന വ്യക്തമാക്കുന്നത് കോണ്‍ഗ്രസിനെ അടിയോടെ വാരുമെന്നാണ്. അതിന് മറുപടി പറയാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ലെന്നത് തങ്ങളുടെ നേതാവ് രാഹുല്‍ഗാന്ധിയല്ലാ അമിത്ഷായാണെന്ന് അവര്‍ അംഗീകരിച്ചതിന്‍റെ തെളിവാണ്

0

തൃശൂർ :കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ അമിത്ഷായാണ് തങ്ങളുടെ നേതാവെന്ന് പറയാതെ പറയുന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തൃശൂര്‍ വിദ്യാര്‍ഥി കോര്‍ണറില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശബരിമല വിഷയം തങ്ങളുടെ അജണ്ടയാണെന്നും അതില്‍ പിടിച്ച് മുന്നോട്ടുപോയാല്‍ വിശ്വാസികളെല്ലാം നമുക്കൊപ്പമാകുമെന്നും കമ്മ്യൂണിസ്റ്റുകളും സര്‍ക്കാര്‍ അനുകൂലികളും മാത്രമേ അവശേഷിക്കുകയുള്ളൂവെന്നുമുള്ള ബിജെപി നേതാവ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവന വ്യക്തമാക്കുന്നത് കോണ്‍ഗ്രസിനെ അടിയോടെ വാരുമെന്നാണ്. അതിന് മറുപടി പറയാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ലെന്നത് തങ്ങളുടെ നേതാവ് രാഹുല്‍ഗാന്ധിയല്ലാ അമിത്ഷായാണെന്ന് അവര്‍ അംഗീകരിച്ചതിന്‍റെ തെളിവാണ്.

ശബരിമലയില്‍ ആസൂത്രിതമായി കലാപമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. എങ്ങനെ ആളെ എളുപ്പത്തില്‍ കൊല്ലാമെന്ന് പരിശീലനം നേടിയ ആര്‍എസ്എസ് ക്രിമിനലുകളെ ഇതിനായി ശബരിമലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുകയാണ്. 52 വയസ്സായ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തി ക്രമസമാധാനം വഷളാക്കാനായിരുന്നു സംഘ്പരിവാര്‍ ശ്രമം. പൊലീസ് സമചിത്തത പാലിച്ചതുകൊണ്ടുമാത്രമാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.

ആര്‍എസ്എസ് പിന്തുണയുള്ള സ്ത്രീകളാണ് സുപ്രീം കോടതിയില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് ഹര്‍ജി നല്‍കിയത്. അന്ന് കേസില്‍ കക്ഷി ചേരാതെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും ബിജെപിയും സ്വീകരിച്ചത്. എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്നാണ് സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമെന്നും അതേസമയം വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഹിന്ദു പണ്ഡിതരുടെ ഒരു കമ്മീഷനെ നിയോഗിച്ച് അഭിപ്രായം സ്വരൂപിച്ച് അന്തിമ തീരുമാനം എടുക്കണമെന്നുമുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കോടതി അന്തിമമായി എന്ത് തീരുമാനമെടുത്താലും അത് നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയാല്‍ വാക്ക് പാലിക്കാത്തവരാകും. ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍ക്കെതിരെ ഒരു സര്‍ക്കാരിനും ഓര്‍ഡിനന്‍സ് കൊണ്ടുവരാനാകില്ല.

വിശ്വാസത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പാക്കാനും തമ്മില്‍ തല്ലിക്കാനുമുള്ള ശ്രമം മതനിരപേക്ഷ കേരളത്തില്‍ വിലപ്പോകില്ല. മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുതന്നെ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും എല്ലാ വിഭാഗത്തോടും ഒരേ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. സി എന്‍ ജയദേവന്‍ എം പി അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കടന്നപ്പളളി രാമചന്ദ്രന്‍, സ്‌കറിയാ തോമസ്, പി കെ രാജന്‍ മാസ്റ്റര്‍, അഡ്വ.വി മുരുകദാസ്, മന്ത്രിമാര്‍, എം എല്‍ എ മാര്‍, എംപിമാര്‍ പങ്കെടുത്തു.

You might also like

-