ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെല്ലാം രാജ്യത്ത് നിരോധിച്ചു കേന്ദ്രസർക്കാർ
പ്ലാസ്റ്റിക് പ്ളേറ്റ്, കപ്പ്, ഗ്ളാസ്, ട്രേ, മിഠായി കവർ എന്നിവക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഡൽഹി :ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെല്ലാം രാജ്യത്ത് നിരോധിച്ച് കേന്ദ്രസർക്കാർ. 75 മൈക്രോണിൽത്താഴെയുള്ള എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളുമാണ് നിരോധിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂലൈ 1 മുതൽ നിരോധനം നിലവിൽ വരും. പ്ലാസ്റ്റിക് പ്ളേറ്റ്, കപ്പ്, ഗ്ളാസ്, ട്രേ, മിഠായി കവർ എന്നിവക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം അടുത്ത വർഷം ജൂലൈ 1 മുതൽ ഉത്പാദിപ്പിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
നേരത്തേ 50 മൈക്രോണിൽത്താഴെയുള്ള ഉത്പന്നങ്ങളെല്ലാം കേന്ദ്രം നിരോധിച്ചിരുന്നു. എന്നാലിനി 50 മൈക്രോണുള്ള പോളിത്തീൻ ബാഗുകൾ രാജ്യത്ത് ഉപയോഗിക്കാനാകില്ല. 120 മൈക്രോൺ മുതൽ മുകളിലേക്ക് മാത്രമേ പോളിത്തീൻ ബാഗുകൾ നിർമിക്കാനോ ഉപയോഗിക്കാനോ പാടുള്ളൂ. സെപ്റ്റംബർ 30 മുതലാകും ഈ നിരോധനം നിലവിൽ വരിക. രണ്ട് ഘട്ടമായിട്ടാകും ഈ നിരോധനം നടപ്പാക്കുക. ഇതിന്‍റെ ആദ്യഘട്ടമാണ് സെപ്റ്റംബർ 30-ന് തുടങ്ങുന്നത്.
അതായത്, സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽത്താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിക്കാൻ പാടില്ല. അടുത്ത വർഷം ഡിസംബർ 31 മുതൽ 120 മൈക്രോണിൽത്താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളും പൂർണമായും നിരോധിക്കും.
കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് ഈ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റികിന്‍റെ നിർമാണം, കയറ്റുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിങ്ങനെ എല്ലാ നടപടികളും നിരോധിച്ചിട്ടുണ്ട്. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാൽ ആ ഉത്പന്നം തന്നെ ജൂലൈ 1, 2022 മുതൽ നിരോധിക്കും