വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

. കേസിൽ പ്രതി അർജുനിന് നോട്ടീസ് അയച്ച കോടതി ഹർജി ഈ മാസം 29 ന് പരിഗണിക്കാൻ മാറ്റി. തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാൽ പ്രോസിക്യൂഷൻ ഹ‍ാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നത്

0

കൊച്ചി | വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കട്ടപ്പന പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോ‍ടതിയെ സമീപിച്ചത്. കേസിൽ പ്രതി അർജുനിന് നോട്ടീസ് അയച്ച കോടതി ഹർജി ഈ മാസം 29 ന് പരിഗണിക്കാൻ മാറ്റി. തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. കേസിൽ പ്രതിചേർത്തിരുന്ന അർജ്ജുന് ഹൈക്കോടതി നോട്ടീസ് അയച്ചു.  എന്നാൽ പ്രോസിക്യൂഷൻ ഹ‍ാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നത്. വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കേസിലെ പ്രതിയെ പ്രോസിക്യൂഷന് കേസ് തെളിയിക്കാനാകാതെ പോയതിനാൽ വെറുതെ വിടുകയായിരുന്നു. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല.

2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിലും വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ കൊല്ലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട സാഹചര്യത്തിലായിരുന്നു കേസിലെ ആശങ്ക അറിയിക്കാൻ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. മതിയായ തെളിവുകൾ ഉണ്ടായിട്ടും വിചാരണയിൽ പ്രതി ശിക്ഷിക്കപ്പെടാത്തതിൽ പ്രോസിക്യൂഷൻ വീഴ്ച ഉണ്ടെന്ന നിലപാടിലാണ് കുടുംബം.

You might also like

-