വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്

9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് കോടതി ഉത്തരവ്. വിജയ് മല്യ വസ്തുതകൾ വളച്ചൊടിച്ചെന്ന് കോടതി വിമര്‍ശിച്ചു. മല്യക്കെതിരെ ചുമത്തിയ കേസുകളിൽ കഴമ്പുണ്ടെന്ന് കോടതി പറഞ്ഞു. ബാങ്കുകളെ കബളിപ്പിച്ചാണ് വായ്പ സംഘടിപ്പിച്ചതെന്നും തിരിച്ചടക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു

0

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. വിധിക്കെതിരെ മല്യക്ക് 14 ദിവസത്തിനകം മേൽക്കോടതിയെ സമീപിക്കാം. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റർ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് കോടതി ഉത്തരവ്. വിജയ് മല്യ വസ്തുതകൾ വളച്ചൊടിച്ചെന്ന് കോടതി വിമര്‍ശിച്ചു. മല്യക്കെതിരെ ചുമത്തിയ കേസുകളിൽ കഴമ്പുണ്ടെന്ന് കോടതി പറഞ്ഞു. ബാങ്കുകളെ കബളിപ്പിച്ചാണ് വായ്പ സംഘടിപ്പിച്ചതെന്നും തിരിച്ചടക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വിവിധ ബാങ്കുകളുടെ കണ്‍‍സോര്‍ഷ്യം വഴി വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് വിജയ് മല്യയ്ക്കെതിരെ കേസെടുത്തത്. 9000 കോടി രൂപയാണ് പലിശ അടക്കം വിജയ് മല്യ തിരിച്ചടിക്കേണ്ടത്. കേസെടുത്തതിന് പിന്നാലെ 2016 മാര്‍ച്ചിലാണ് വിജയ് മല്യ ഇംഗ്ലണ്ടിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. തുടര്‍ന്ന്, കഴിഞ്ഞ ഏപ്രിലിലാണ് മല്യയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

പണം തിരിച്ചടയ്ക്കുന്നതിനുള്ള എല്ലാം ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഈ വര്‍ഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ വിജയ് മല്യ അറിയിച്ചിരുന്നു. പലിശ ഒഴിച്ചുള്ള വായ്പാ തുക മുഴുവൻ തിരിച്ചടക്കാമെന്ന് മല്യ അറിയിച്ചെങ്കിലും ബാങ്കുകള്‍ നിരസിച്ചു. പണം സ്വീകരിച്ചാല്‍ 3000 കോടിയുടെ നഷ്ടം ബാങ്കുകള്‍ക്കു വരുമെന്നാണ് കണക്കുകൂട്ടല്‍. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇഡി നല്‍കിയ അപേക്ഷ പരിഗണിക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു മല്യ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാല്‍ കേസില്‍ അന്തിമവിധി വരുന്നതു വരെ കാത്തിരിക്കാതെ ഉടന്‍ തന്നെ സ്വത്തുക്കള്‍ കണ്ടുകെട്ടാം.

You might also like

-