വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കാരിച്ചു, നരഭോജി കടുവയുടെ ചിത്രം ക്യാമറയിൽ

കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ചീഫ് കണ്‍സർവേറ്റർ. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി.

മാനന്തവാടി| മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. രാവിലെ 11 മണിയോടെ മീൻമുട്ടി താറാട്ട് ഉന്നതി കുടുംബശ്മശനത്തിലാണ് സംസ്കാരം

അതേസമയം വയനാട്ടിലെ നരഭോജി കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ചീഫ് കണ്‍സർവേറ്റർ. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഞ്ജിത്ത് കുമാർ പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. കൂടുതൽ ആളുകൾ തെരച്ചിലിനു ഇറങ്ങിയാൽ കടുവ പ്രദേശത്തു നിന്നും നീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ വ്യാപക തെരച്ചിൽ ഇന്നുണ്ടാവില്ല. തെർമൽ ഡ്രോൺ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.

അതിനിടെ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘം ഉച്ചയ്ക്കുശേഷം സ്ഥലത്ത് പരിശോധന നടത്തും. കുങ്കി ആനകളെ പിന്നീട് എത്തിക്കും. കുങ്കി ആനകളെ ഉപയോഗിച്ചു തെരയാൻ പറ്റുന്ന ഭൂപ്രദേശമല്ലിത്. മുളങ്കാടുകൾ നിറഞ്ഞ പ്രദേശമാണ് ഇവിടമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു. അതിനിടെ നാളെ വയനാട്ടിൽ പ്രത്യേക യോഗം ചേരും. മുഖ്യ വനപാലകരും യോഗത്തിൽ പങ്കെടുക്കും. വനം മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ കടുവയെ വെടിവച്ചു കൊല്ലാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍റെ ഉത്തരവ്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ എസ്ഒപി കർശനമായി പാലിച്ചാകണം നടപടികളെന്നും ഉത്തരവിൽ പറയുന്നു.

അതിനിടെ വന്യജീവി അക്രമണത്തിനെതിരെ മുൻ എം എൽ എ പി വി അൻവർ വീണ്ടു രംഗത്തുവന്നു .ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുകയാണെന്ന് പിവി അന്‍വര്‍ കുറ്റപ്പെടുത്തി. നഷ്ടപരിഹാരം പത്ത് ലക്ഷം എന്നത് പതിനൊന്ന് ലക്ഷമാക്കിയതാണ് സര്‍ക്കാരിന്റെ മഹാ മനസ്‌കതയെന്ന് അദ്ദേഹം പരിഹസിച്ചു. കേരളം വന്യമൃഗശാലയായി മാറിയെന്നും വെടിവെച്ചു കൊല്ലും എന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാക്കുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് ഒരൊറ്റ പരിഹാരമേയുള്ളു. വെടിവച്ച് കൊന്ന് തന്നെയാണ് ലോകരാജ്യങ്ങളില്‍ നിയന്ത്രിക്കുന്നത്. വന്യ മൃഗ സംരക്ഷണ നിയമത്തില്‍ ഭേതഗതി വരുത്തി, ആ ഭേതഗതിയുടെ അടിസ്ഥാനത്തില്‍ കാട്ടിലെ നിശ്ചിത സ്ഥലത്ത് വസിക്കാന്‍ കഴിയുന്ന അത്രയും മൃഗങ്ങളെ മാത്രമേ നിലനിര്‍ത്താവൂ. മനുഷ്യന്റെ ജനസംഖ്യ വര്‍ധിക്കുന്നു എന്ന് പറഞ്ഞാണ് ഇവിടെ ജനന നിയന്ത്രണം നടപ്പിലാക്കിയത്. കാടൊരിക്കലും വര്‍ധിക്കുന്നില്ല – അന്‍വര്‍ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീയായ രാധ കൊല്ലപ്പെട്ടത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വയനാട് വൈല്‍ഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം നടന്നത്.

കടുവയുടെ ആക്രമണത്തിൽ രാധയെന്ന 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ മാനന്തവാടിയിൽ തുടരുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ. എസ്ഡിപിഐയും പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുന്നുണ്ട്.

You might also like

-