56 വർഷങ്ങൾക്ക് മുൻപ് ലഡാക്കിൽ വിമാന അപകടത്തിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിൽ കാണാതായ തോമസ് ചെറിയാന്‍റെ മൃതശരീരമാണ് കണ്ടെത്തിയതെന്നാണ് സൈന്യം അറിയിച്ചത്
പത്തനംതിട്ട | പത്തനംതിട്ട സ്വദേശിയായ സൈനികന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ അറിയിപ്പ്. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിൽ കാണാതായ തോമസ് ചെറിയാന്‍റെ മൃതശരീരമാണ് കണ്ടെത്തിയതെന്നാണ് സൈന്യം അറിയിച്ചത്. മൃതശരീരം കണ്ടെത്തിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാന്‍റെ മൃതശരീരമാണ് കണ്ടെത്തിയത്. മരിക്കുമ്പോൾ തോമസ് ചെറിയാന് പ്രായം 22 മാത്രമായിരുന്നു. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണാണ് അപകടമുണ്ടായത്.
തോമസ് ചെറിയാന്‍ പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകും വഴിയായിരുന്നു അപകടം സംഭവിച്ചതെന്ന് ബന്ധുവായ ഷൈജു മാധ്യമങ്ങളോട് പറഞ്ഞു . തിരച്ചിൽ നടത്തുന്നുണ്ടെന്ന് അഞ്ച് വർഷം മുമ്പും സൈന്യം അറിയിച്ചിരുന്നു. പിന്നീടിപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയെന്ന വിവരം സൈന്യത്തിൽ നിന്ന് ഉണ്ടായതെന്നും ഷൈജു വിവരിച്ചു. 2019 ലും 5 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇപ്പോൾ തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഒരാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.