കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം ധനസഹായം
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാലുലക്ഷം രൂപവീതമാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായമായി നല്‍കുക.
ഇടുക്കി: കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അഫ്‍ന ഫൈസൽ (8), അഫിയാൻ ഫൈസൽ (4), അംന (7) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി മണ്ണില്‍ പൊതിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ ഏഴുമണി മുതല്‍ എന്‍ഡിആര്‍എഫും പൊലീസും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. ഇനി അഞ്ചുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയിൽ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽപ്പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിൽ തോരാതെ പെയ്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന പെരുമഴയ്ക്ക് കാരണം ലഘുമേഘ വിസ്ഫോടനമാണെന്നാണ് വിലയിരുത്തൽ. അസാധാരണമായി രൂപംകൊള്ളുന്ന മേഘകൂമ്പാരങ്ങളാണ് പലയിടത്തും രണ്ട് മണിക്കൂറിൽ അഞ്ച് സെന്‍റിമീറ്ററിലധികം തീവ്രമഴയായി പെയ്തിറങ്ങിയത്.
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാലുലക്ഷം രൂപവീതമാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായമായി നല്‍കുക. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.സംസ്ഥാനത്തിന് ആവശ്യമായി സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി അമിത്ഷായും അറിയിച്ചു. നിലവില്‍ കേരളത്തിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെയും എത്തിക്കും.
സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യം വന്നാല്‍ കൂടുതല്‍ ക്യാംപുകള്‍ അതിവേഗം തുടങ്ങാന്‍ സജ്ജീകരണമൊരുക്കിയിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഒപ്പം 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ പ്രളയ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാധ്യമായ എല്ലാ പിന്തുണയും കേരളത്തിന് നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചു കഴിഞ്ഞു. എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം, ഭൗമമന്ത്രാലയം, ജലവിഭവ മന്ത്രാലയം എന്നിവര്‍ സംയുക്തമായാണ് കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നത്. ജലനിരപ്പ്, കാലാവസ്ഥ, ദുരന്ത സാഹചര്യം എന്നീ കാര്യങ്ങള്‍ വകുപ്പുകള്‍ നിരീക്ഷിക്കുകയാണ്. നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് കേന്ദ്ര ജലകമ്മിഷന്‍ അറിയിച്ചു.