കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച നാല് സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു
തിരിച്ചറിഞ്ഞവയിൽ സൈനികൻ സായി തേജയുടേയും ജൂനിയർ വാറണ്ട് ഓഫീസർ പ്രദീപ് കുമാറിന്റെയും മൃതദേഹം കുടുംബത്തിന് വിട്ട് കൊടുത്തു. മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും.
ഡൽഹി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച നാല് സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു.ഡൽഹിയിൽ നടന്ന വിദഗ്ധ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഉചിതമായ സൈനിക ബഹുമതികളോടെ അന്തിമ ചടങ്ങുകൾക്കായി കൊണ്ടുപോകും.മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് മുൻപ് ഡൽഹി ബേസ് ഹോസ്പിറ്റലിൽ വെച്ച് പുഷ്പചക്രം അർപ്പിക്കും.
തിരിച്ചറിഞ്ഞവയിൽ സൈനികൻ സായി തേജയുടേയും ജൂനിയർ വാറണ്ട് ഓഫീസർ പ്രദീപ് കുമാറിന്റെയും മൃതദേഹം കുടുംബത്തിന് വിട്ട് കൊടുത്തു. മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഡൽഹിയിൽ നിന്ന് 11 മണിക്ക് വിമാനമാർഗം സുലൂരിലെത്തിക്കുന്ന മൃതദേഹം റോഡ് മാർഗം വസതിയിലെത്തിക്കും പ്രദീപ് പഠിച്ച പുത്തൂർ ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് സംസ്‌കാരം. വൈകീട്ട് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തും.
രാജ്യത്തെയാകെ വേദനയിലാഴ്‌ത്തിക്കൊണ്ടാണ് ഊട്ടിയ്‌ക്കടുത്തുള്ള കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും സൈനികരും മരിച്ചത്.അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു 14 യാത്രികരിൽ 13 പേരുടേയും മരണം സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിംഗ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.കഴിഞ്ഞ ദിവസം ഉച്ചയോടെ സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.അതേ സമയം അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും ചിതാഭസ്മ നിമഞ്ജനം ഇന്ന് ഉച്ചയോടെ നടക്കും. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ചിതാഭസ്മ നിമഞ്ജനം നടക്കുക. പ്രതിരോധ സഹമന്ത്രി അജയ് ഭട്ടും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.