ബി ജെ പി യുടെ കുതിര കച്ചവടം പാളി മഹാരാഷ്ട്രയില്‍ മഹാസഖ്യം അധികാരത്തിലേക്ക്. ഉദ്ദവ് താക്കറെ മുഖ്യമന്ത്രി
ഡിസംബർ 1 നു മുംബൈ ശിവാജി പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചു.
മുംബൈ :മഹാരാഷ്ട്രയില്‍ മഹാസഖ്യം അധികാരത്തിലേക്ക്. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകും. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറയെ തിരഞ്ഞെടുത്തു. ശിവസേന, എൻ.സി.പി, കോൺഗ്രസ് കക്ഷികളുടെ സംയുക്ത യോഗത്തില്‍ ഉദ്ധവിനെ നേതാവായി തിരഞ്ഞെടുത്തു. സഖ്യ നേതാക്കൾ ചൊവ്വാഴ്ച രാത്രി ഗവർണർ ഭഗത് സിങ് കോഷിയാരിയെ കാണും. ഡിസംബർ 1 നു മുംബൈ ശിവാജി പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചു.
എൻ.സി.പി നേതാവ് ജയന്ത് പാട്ടീലാണ് നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയുടെ പേര് നിർദേശിച്ചത്. കോൺഗ്രസിന്റെ ബാലാസാഹെബ് തോറാട്ട് പിന്‍താങ്ങി. ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയും അജിത് പവാറും രാജിവച്ചതിനു പിന്നാലെയാണ് ശിവസേന–എൻസിപി–കോൺഗ്രസ് ‘മഹാപുരോഗമന’ സഖ്യത്തിന്റെ യോഗം ചേർന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് അജിത് പവാറിന്റെയും ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും രാജി.
മഹാരാഷ്ട്ര നിയമസഭയിൽ ആകെ 288 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകൾ. തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമായാണ് ശിവസേനയും ബിജെപിയും മത്സരിച്ചത്. ഫലം വന്നപ്പോൾ സഖ്യത്തിന് 161 സീറ്റുകൾ ലഭിച്ചു. ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റും. 2014ൽ ഇരുകക്ഷികളും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ബിജെപിക്ക് 122 സീറ്റും ശിവസേനയ്ക്ക് 63 സീറ്റും ലഭിച്ചിരുന്നു. പിന്നീട് ഇരുവരും സഖ്യത്തിലായി സർക്കാർ രൂപീകരിക്കുകയായിരുന്നു.121 സീറ്റിൽ മത്സരിച്ച എൻസിപിക്ക് ഇത്തവണ 54 സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ ഇത് 41 ആയിരുന്നു. 13 സീറ്റുകൾ വർധിച്ചു. 147 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇത്തവണ 44 സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ ഇത് 42 ആയിരുന്നു
ഏഴ് സീറ്റിൽ മത്സരിച്ച സമാജ്‌വാദി പാർട്ടിക്ക് രണ്ട് സീറ്റും എട്ട് സീറ്റിൽ മത്സരിച്ച സിപിഎമ്മിന് ഒരു സീറ്റുമാണ് ലഭിച്ചത്. സമാജ്‌വാദി പാർട്ടിക്കും സിപിഎമ്മിനും കഴിഞ്ഞ തവണ ഓരോ സീറ്റ് മാത്രമാണ് ലഭിച്ചത്. മറ്റുള്ളവർക്കെല്ലാം കൂടി ഇത്തവണ 25 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ ഇത് 17 ആയിരുന്നു.