ബംഗാളിലെ വന്‍ വിജയത്തിന് പിന്നാലെ എംഎല്‍എമാരെ പാളയത്തിലെത്തിക്കാന്‍ നീക്കം തുടങ്ങി ബിജെപി.

മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ഉടന്‍ തന്നെ ബിജെപിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

0

ദില്ലി: ബംഗാളിലെ വന്‍ വിജയത്തിന് പിന്നാലെ എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ നീക്കം തുടങ്ങി ബിജെപി. മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ഉടന്‍ തന്നെ ബിജെപിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അഞ്ച് എംഎല്‍എമാര്‍ ദില്ലിയിലേക്ക് തിരിച്ചതായി ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ് അവകാശപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസ് സസ്പെന്‍റ് ചെയ്ത സുഭ്രാങ്ഷു റോയിയുടെ നേതൃത്വത്തിലാണ് തൃണമൂല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നത്. വിവിധ മുന്‍സിപ്പാറ്റികളിലെ നിരവധി കൗണ്‍സിലര്‍മാരും തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. താന്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് സുഭ്രാങ്ഷു റോയി വ്യക്തമാക്കിയിരുന്നു. 143 തൃണമൂല്‍ കോണ്‍ഗ്രസ് വിമതന്മാരെ ബിജെപിയിലെത്തിക്കുമെന്ന് മുകുള്‍ റോയ് സൂചിപ്പിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 143 മണ്ഡലങ്ങളില്‍ തൃണമൂലിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. തോറ്റ പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 40 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് പ്രധാനമന്ത്രിയായിരുന്ന നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുകയാണെന്ന് ആരോപിച്ച് മമതാ ബാനര്‍ജിയും രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടി ബിജെപി ഞെട്ടിച്ചിരുന്നു. 17 ശതമാനം വോട്ട് വിഹിതത്തില്‍നിന്ന് 40 ശതമാനമാക്കി ഉയര്‍ത്താനും സാധിച്ചു.
നേരത്തെ, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 20 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചോരാനായി ദില്ലിയിലെത്തിയിരുന്നു. പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയത്തില്‍ ആകൃഷ്ടരായാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരാന്‍ തീരുമാനമെടുത്തതെന്ന് ദില്ലിയിലെത്തിയ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

You might also like

-