ചൂർണിക്കര വ്യാജരേഖ:ക്ലർക്ക് അരുണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

വ്യാജരേഖ നിർമ്മാണത്തിന് 30,000 രൂപയാണ് റവന്യൂ ഉദ്യോഗസ്ഥൻ കൈപ്പറ്റിയത്. ലാന്‍റ് റവന്യൂ കമ്മീഷണർ ഉച്ചഭക്ഷണത്തിന് പോയപ്പോഴാണ് വ്യാജ രേഖയില്‍ സീൽ പതിപ്പിച്ചത്.

0

കൊച്ചി: ആലുവ ചൂർണിക്കര വ്യാജരേഖ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം ലാൻഡ് റവന്യൂ ഓഫീസിലെ ക്ലർക്ക് അരുണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാജരേഖ നിർമ്മാണത്തിന് 30,000 രൂപയാണ് റവന്യൂ ഉദ്യോഗസ്ഥൻ കൈപ്പറ്റിയത്. ലാന്‍റ് റവന്യൂ കമ്മീഷണർ ഉച്ചഭക്ഷണത്തിന് പോയപ്പോഴാണ് വ്യാജ രേഖയില്‍ സീൽ പതിപ്പിച്ചത്. നിലം നികത്താൻ അനുമതി തേടി അപേക്ഷ അബു നൽകി.

ചൂര്‍ണിക്കര വില്ലേജില്‍ 25 സെന്‍റ് നിലം നികത്താനായി തയ്യാറാക്കിയ വ്യാജ ഉത്തരവില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ സീല്‍ പതിപ്പിച്ചത് ക്ലര്‍ക്ക് അരുണായിരുന്നു. ഇടനിലക്കാരന്‍ അബുവിനെ ചോദ്യം ചെയ്തപ്പോളാണ് അരുണിന്‍റെ പങ്ക് വ്യക്തമായത്. നിലം നികത്താൻ അനുമതി തേടി അബു അപേക്ഷ നൽകിയിരുന്നു. ഈ രസീതിലെ റഫറൻസ് നമ്പർ ഉപയോഗിച്ച് അബു രേഖയുണ്ടാക്കി. പിന്നീട് സീൽ പതിപ്പിച്ച് നൽകിയെന്ന് അരുൺ സമ്മതിച്ചു. പ്രതിഫലമായി 30,000 രൂപ കിട്ടിയെന്നും ചോദ്യം ചെയ്യലിൽ അരുൺ സമ്മതിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിയായിരിക്കെ രണ്ടു വര്‍ഷത്തോളം അരുണ്‍ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. സ്വഭാവ ദൂഷ്യത്തെത്തുടര്‍ന്ന് ഇയാളെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കുകയായിരുന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആ സമയത്ത് അരുണ്‍ സമാനമായ തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം, വ്യാജ ഉത്തരവ് നിര്‍മിച്ചതില്‍ മുഖ്യ ഇടനിലക്കാരനായ കാലടി സ്വദേശി അബുവിനെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം ഇന്നും ചോദ്യം ചെയ്യും. വ്യാജരേഖ നിർമ്മിച്ചതിൽ അബുവിനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അബുവും അരുണും ഉൾപ്പെടുന്ന സംഘം നടത്തിയ മറ്റ് ഭൂമിയിടപാടുകളും പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് ആലുവയിൽ നടത്തിയ റെയ്ഡിൽ നിരവധി വ്യാജ ഉത്തരവുകളും പ്രമാണങ്ങളും കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

You might also like

-