95 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്.
രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണം നടത്തും.
12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ 95 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണം നടത്തും. തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ പണം നല്‍കി വോട്ട് പിടിക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചു. സുരക്ഷാ കാരണങ്ങളാല്‍ ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ നാളെ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് മാറ്റി.
രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ക്കും ഇടയിലാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമടക്കം 96 മണ്ഡലങ്ങള്‍ ജനവിധി തേടും. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും പണം നല്‍കി വോട്ട് പിടിക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കര്‍ണാടകയില്‍ 14ഉം മഹാരാഷ്ട്രയില്‍ 10ഉം ഉത്തര്‍പ്രദേശില്‍ 8ഉം സീറ്റുകളിലാണ് വോട്ടെടുപ്പ്. അസം, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ 5ഉം ജമ്മുകശ്മീരില്‍ 2ഉം മണിപ്പൂര്‍, ത്രിപുര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒരു സീറ്റിലേക്കും നാളെ വോട്ടെടുപ്പ് നടക്കും.
കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ, മുന്‍ കേന്ദ്രമന്ത്രി കെ.എച്ച് മുനിയപ്പ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ ഹരിപ്രസാദ് അടക്കം നിരവധി പ്രമുഖരാണ് കര്‍ണാടകയില്‍ നിന്ന് ജനവിധി തേടുന്നത്. കേന്ദ്രമന്ത്രിമാരായ ജുവല്‍ ഓറം, ജിതേന്ദ്ര സിങ്, പൊന്‍ രാധാകൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി രാംദാസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, ദയാനിധിമാരന്‍, കനിമൊഴി, കാര്‍ത്തി ചിദംബരം, എ രാജ, ഹേമമാലിനി, താരിഖ് അന്‍വര്‍ എന്നിവരും നാളെ ജനവിധി തേടുന്നവരില്‍ പെടുന്നു.
അവസാന വട്ട വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് നേതാക്കളും സ്ഥാനാര്‍ഥികളും നേതാക്കളും. അതേസമയം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് ഗുജറാത്തിലെ ബനാസ്കന്ത മണ്ഡലത്തില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ സോളാപൂരിലും അമിത് ഷാ ഒഡീഷയിലെ കട്ടക്കിലും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.