തമ്പാനൂര്‍ സതീഷും പദ്മിനി തോമസും ബി ജെ പി യിൽ ചേർന്നു .കൂടുതൽ നേതാക്കൾ ബി ജെ പി യിലേക്ക്

പ്രമുഖ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ആർ. സെൽവരാജ്, തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി ഉദയകുമാർ എന്നിവർ ബിജെപിയിൽ ചേരുമെന്നാണ് സൂചന. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥിയായി പാറശ്ശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ നിന്നും സെൽവരാജ് മത്സരിച്ച ചരിത്രമുണ്ട്

0

തിരുവനന്തപുരം| തലസ്ഥാന നഗരത്തിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിട്ടു. ബിജെപിയിൽ ചേരാനായി ഇദ്ദേഹം ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. മറ്റൊരു കോൺഗ്രസ് നേതാവ് പദ്‌മിനി തോമസും ബിജെപി ഓഫീസിലെത്തി. കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക. ഇന്നലെ തന്നെ ബിജെപി നേതൃത്വം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പാര്‍ട്ടി വിട്ട് തങ്ങൾക്കൊപ്പം വരുമെന്ന് വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. പാര്‍ട്ടിയിൽ നിന്ന് രാജിവെക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ പോകില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കെ സുരേന്ദ്രനൊപ്പം എത്തിയപ്പോഴാണ് ഇദ്ദേഹം ബിജെപിയിൽ ചേരുകയാണെന്ന് വ്യക്തമായത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പദ്മിനി തോമസ് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്.

അതേസമയം സംസ്ഥാനത്ത് കൂടുതൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇന്ന് ബിജെപിയിൽ (BJP) ചേരും. പ്രമുഖ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ആർ. സെൽവരാജ്, തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി ഉദയകുമാർ എന്നിവർ ബിജെപിയിൽ ചേരുമെന്നാണ് സൂചന. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥിയായി പാറശ്ശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ നിന്നും സെൽവരാജ് മത്സരിച്ച ചരിത്രമുണ്ട്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ NDA ഓഫിസിൽ വച്ച് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും സാന്നിധ്യത്തിൽ അംഗത്വം സ്വീകരിക്കും എന്നാണ് ബി.ജെ.പി. കേന്ദ്രങ്ങളിൽ നിന്നുളള വിവരം.

മോദിയുടെ വരവിന് ഒരു ദിവസം മുമ്പ് കോൺഗ്രസ് പാർട്ടിയിൽ നിന്ന്, പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിൽ നിന്നുമുള്ള നിരവധി നേതാക്കൾ, പാർട്ടിയിൽ ചേരുമെന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു,തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളിൽ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. കേരളത്തിൽ നിർണായക ശക്തിയായി ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. “എൻഡിഎ വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ്-യുഡിഎഫ് നേരത്തെ തന്നെ പരസ്യസഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ‘ഇന്ത്യ’ കൂട്ടുകെട്ട് കേരളത്തിലും യാഥാർഥ്യമാക്കാൻ കൈകോർത്തിരിക്കുന്നു,” സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

You might also like

-