കരുണാകരനെ പിന്നിൽ നിന്നുകുത്തിയത് ഉമ്മന്‍ചാണ്ടിയും കൂട്ടരും : ടി എച്ച് മുസ്തഫ
കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ഇന്നത്തെ പോലും അന്നും അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവായാരുന്നുവെന്നും മുസ്തഫ പറഞ്ഞു.
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ.കരുണാകരനെ താഴെയിറക്കാന്‍ മുന്നില്‍ നിന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പാണെന്ന് മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫ. ഇന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിക്ക് കൂട്ടായിട്ട് ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ഇന്നത്തെ പോലും അന്നും അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവായാരുന്നുവെന്നും മുസ്തഫ പറഞ്ഞു. ചാരക്കേസില്‍ നമ്പി നാരായണന് അനുകൂല വിധി വന്നതിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേരെടുത്തു പറഞ്ഞുള്ള വിമര്‍ശനവുമായി ഒരാള്‍ രംഗത്തെത്തുന്നത്.
കരുണാകരനെ ചതിച്ചത് സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് പേരാണെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ആരൊക്കെയാണെന്ന് പറയാന്‍ അവര്‍ തയാറായിരുന്നില്ല. അന്വേഷണക്കമ്മീഷന് മുന്‍പാകെ ഈ പേരുകള്‍ വെളിപ്പെടുത്തുമെന്നാണ് പത്മജ വെളിപ്പെടുത്തിയത്. കരുണാകരന് നീതി ലഭിച്ചില്ലെന്ന് പറഞ്ഞെങ്കിലും കേരളത്തിലെ നേതാക്കളില്‍ ആരുടേയും പേരെടുത്ത് വിമര്‍ശിക്കാന്‍ മുരളീധരനും തയാറായിരുന്നില്ല. നരസിംഹറാവുവാണ് കരുണാകരന്റെ രാജിക്ക് പിന്നിലെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.