ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ചു നടക്കില്ല; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നീതി നടപ്പാക്കി
ഓപ്പറേഷൻ സിന്ദൂറിൽ രാജ്യം നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ രാജ്യം നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോർമുഖത്ത് സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. പാക് ഭീകരവാദത്തെ ഓർമ്മിപ്പിച്ച് വെള്ളവും, രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, പാകിസ്ഥാനുമായി ചർച്ച നടന്നാൽ അത് പാക് അധീന കശ്‌മീരുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും എന്നും വ്യക്തമാക്കി.
ഇന്ത്യന്‍ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചാലുള്ള ഫലം ഭീകരരും ഭീകര സംഘടനകളും മനസ്സിലാക്കി. ഭീകരരെ അവരുടെ പരിശീലന കേന്ദ്രങ്ങളില്‍ പോയി ആക്രമിച്ചു. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സേനകള്‍ക്ക് അനുമതി നല്‍കി.
ആഗോള ഭീകരവാദത്തിന്റെ സര്‍വകലാശാലളായിരുന്ന പാകിസ്ഥാനിലെ ബഹവല്‍പൂരും മുരിദ്‌കെയും ഇന്ത്യ തകര്‍ത്തു. ഇന്ത്യക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഭീകരര്‍ക്ക് ഇപ്പോള്‍ അറിയാം. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ദൗത്യത്തിന് പാകിസ്ഥാന്‍ സൈന്യമാണ് മറുപടി നല്‍കാന്‍ ഇറങ്ങിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സാധാരണ ജനങ്ങളുടെ വീടുകളുമാണ് അവര്‍ ആക്രമിച്ചത്. പക്ഷേ, അവരുടെ മിസൈലുകള്‍ ഇന്ത്യന്‍ സൈനിക കരുത്തിന് മുന്നില്‍ ഒന്നുമല്ലായിരുന്നു.
ഇന്ത്യയുടെ ആയുധങ്ങളുടെ കൃത്യതയെയും പ്രധാനമന്ത്രി പുകഴ്ത്തി. പാകിസ്ഥാന്റെ വ്യോമതാവളങ്ങളില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ കൃത്യമായി പതിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാനില്‍ സ്വര്യവിഹാരം നടത്തിയ ഭീകരരെ ഇന്ത്യ ഇല്ലാതാക്കി. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നീതി നടപ്പാക്കി. ഭീകരവാദത്തോട് ഇന്ത്യ ചെയ്ത നീതിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍