“ഇത് സാമ്പിൾ മാത്രം” ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ്
ജയ്‌ഷെ ഉല്‍ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എന്‍ഐഎയും വ്യക്തമാക്കി എന്നാല്‍ അവകാശവാദം ഉന്നയിച്ച സംഘടന ഏതാണെന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല
ഡൽഹി : ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടനയുടെ ടെലഗ്രാം പോസ്റ്റ്. തുടക്കം മാത്രമാണിതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നല‍്കുന്നുണ്ട്. ജയ്‌ഷെ ഉല്‍ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എന്‍ഐഎയും വ്യക്തമാക്കി എന്നാല്‍ അവകാശവാദം ഉന്നയിച്ച സംഘടന ഏതാണെന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല. രണ്ട് പേര്‍ കാറില്‍വന്നിറങ്ങുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും നഗരത്തിലെ സംശയമുളവാക്കുന്ന നീക്കങ്ങളുമെല്ലാം ഇപ്പോൾ പരിശോധിച്ചുവരികയാണ്.
ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥര്‍ സ്ഫോടനത്തെ ഭീകരാക്രമണമെന്നാണ് സംശയിക്കുന്നത്. അന്വേഷണം ഭീകരവാദ വിരുദ്ധ യൂണിറ്റിന് ഡല്‍ഹി പോലീസ് കൈമാറിയിട്ടുണ്ട്. “ഇത് ഭീകാരാക്രമണമാണ് .ഇസ്രയേലി അംബാസഡര്‍ റോണ്‍ മല്‍ക്ക് പറഞ്ഞു, 2012 ല്‍ രണ്ട് ഇസ്രയേലി നയതന്ത്രജ്ഞര്‍ക്കെതിരേ ഡല്‍ഹിയില്‍ ആക്രമണമുണ്ടായിരുന്നു ഇതു രണ്ടും തമ്മിൽ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവസ്ഥലത്ത് നിന്ന് ഇസ്രായേലി അംബാസഡര്‍ എന്നെഴുതിയ ഒരു കവര്‍ കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനം ട്രെയ്ലര്‍ മാത്രമാണെന്ന് സൂചിപ്പിക്കുന്ന കത്താണ് ഇതിനുളളിലുളളത്. ഇറാനില്‍ കൊല്ലപ്പെട്ട പ്രമുഖരുടെ പേരും കത്തിലുളളതായാണ് സൂചന.
ഇന്ത്യ-ഇസ്രായേല്‍ നയതന്ത്ര ബന്ധത്തിന്റെ 29-ാം വാര്‍ഷിക ദിനമായിരുന്നു വെള്ളിയാഴ്ച. വൈകീട്ട് അഞ്ചിന് നഗരഹൃദയത്തിലുള്ള എംബസിക്ക് സമീപത്തെ എ.പി.ജെ. അബ്ദുള്‍ കലാം റോഡിലായിരുന്നു സ്ഫോടനം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞനിലയിലായിരുന്നു സ്ഫോടകവസ്തു.