നാഗാലാൻഡിൽ സംഘർഷാവസ്ഥ; അസം റൈഫിൾസിന്റെ ക്യാമ്പ് നാട്ടുകാർ ആക്രമിച്ചു
സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മോൺ ജില്ലയിലെ ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി
നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിനെ തുടർന്നു മേഖലയിൽ സംഘർഷം. മോൺ നഗരത്തിലെ അസം റൈഫിൾസിന്റെ ക്യാമ്പും നാട്ടുകാർ ആക്രമിച്ചു. ക്യാമ്പിന് തീയിടാൻ ശ്രമം നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണക്കാർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സംഘടിച്ച് സർക്കാർ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മോൺ ജില്ലയിലെ ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി.
നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അസം റൈഫിൾസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധക്കാരെ വിരട്ടി ഓടിക്കാൻ ആകാശത്തേക്ക് വെടിവെച്ചു.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവന്ന പള്ളിയിലും സംഘർഷം ഉണ്ടായി. ഇതേത്തുടർന്ന് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് നാളെത്തേക്ക് മാറ്റിവച്ചു.