മംഗളാദേവീ ക്ഷേത്രം – മുഖ്യമന്ത്രിക്കും ദേവസ്വം ബോർഡിനും അഭിനന്ദനം അറിയിച്ച് മംഗളാ ദേവി ട്രസ്റ്റ്
ക്ഷേത്ര പുനരുദ്ധാരണത്തിനും പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനുമായി അടിയന്തര നടപടി സ്വീകരിച്ച ദേവസ്വം ബോർഡിനെയും ചെയർമാൻ അഭിനന്ദിച്ചു.
ഇടുക്കി :കുമളിയിലെ മംഗളാദേവി ക്ഷേത്രം പുനരുദ്ധാരണം നടത്താനും ക്ഷേത്ര ദർശനത്തിനായി വിശേഷ ദിവസങ്ങളിൽ കൂടി ഭക്തർക്ക് അനുമതി നൽകാനുമായി സർക്കാർ കൈക്കൊണ്ട തീരുമാനത്തിൽ മുഖ്യമന്ത്രിയെയും ദേവസ്വം ബോർഡിനെയും അഭിനന്ദിച്ച് തമിഴ്നാട് കണ്ണകീ ദേവി ട്രസ്റ്റ്. മുഖ്യമന്ത്രിയുടെ തീരുമാനത്തിനും നിർദ്ദേശത്തിനും ട്രസ്റ്റ് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്. യോജിച്ചു നിന്നുള്ള പ്രവർത്തനം നടത്താനും ട്രസ്റ്റ് ഭാരവാഹികൾ സന്നദ്ധത പ്രകടിപ്പിച്ചു.ഇക്കാര്യങ്ങൾ അറിയിച്ച് കണ്ണകി ദേവി ട്രസ്റ്റി ചെയർമാൻ എം.രാജേന്ദ്രൻ IAS ഉം ട്രസ്റ്റി സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികളും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി. ശബരിമല സന്നിധാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച .മുഖ്യമന്ത്രിയെ ഉടൻ നേരിൽകണ്ട് അഭിനന്ദം അറിയിക്കണം. മംഗളാദേവി ക്ഷേത്രത്തിന്റെ കാര്യത്തിൽ തമിഴ്നാടും കേരളവും തമ്മിൽ ഏതൊരു തർക്കവുമില്ല. ക്ഷേത്രം കൂടുതൽ ദിവസങ്ങളിൽ ഭക്തർക്കായി തുറന്നു കൊടുക്കണമെന്നും എം.രാജേന്ദ്രൻ പറഞ്ഞു. ക്ഷേത്ര പുനരുദ്ധാരണത്തിനും പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനുമായി അടിയന്തര നടപടി സ്വീകരിച്ച ദേവസ്വം ബോർഡിനെയും ചെയർമാൻ അഭിനന്ദിച്ചു.കണ്ണകി ദേവി ട്രസ്റ്റിന്റെ പിൻതുണ സ്വാഗതാർഹമാണ്. ട്രസ്റ്റി ഭാരവാഹികൾക്ക് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു് അടുത്തയാഴ്ച സമയമൊരുക്കുമെന്നും തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി.കണ്ണകി ദേവി ക്ഷേത്രത്തിന്റെ കാര്യത്തിൽ ദേവസ്വം ബോർഡ് അതിവേഗ നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും പത്മകുമാർ ട്രസ്റ്റി ഭാരവാഹികളോട് പറഞ്ഞു. ഭക്തർക്കും വിശ്വാസികൾക്കും വേണ്ട എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കാനാണ് ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി.കണ്ണകി ദേവി ക്ഷേത്രം പുനരുദ്ധാരണം നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് തേനിയിൽ നിന്നുള്ള ഭക്തർ, നേരത്തെ ക്ഷേത്രപരിസരത്ത് പൊങ്കാലയർപ്പിച്ചിരുന്നു.