ശ്രീലങ്കയിൽ കലാപം ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്നു തമിഴ്നാട് ക്യൂ ബ്രാഞ്ച്

തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്

0

തിരുവനന്തപുരം | ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. ട്വിറ്റർ വഴിയാണ് പ്രഖ്യാപനം. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുമെന്നും അതിനായി താൻ രാജിവെക്കുന്നു എന്നുമാണ് റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്.

അതേസമയം ശ്രീലങ്കൻ പ്രസിഡന്റ് ​ഗോട്ടബയ രാജപക്സെ രാജി വയ്ക്കണമെന്ന് സർവകക്ഷി യോ​ഗം. പ്രസിഡന്റിനൊപ്പം പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ രാജിയും സർവകക്ഷി യോ​ഗം ആവശ്യപ്പെട്ടു. സ്പീക്കർ താത്കാലിക പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും യോ​ഗത്തിൽ ആവശ്യമുയർന്നു. കൊളംബോയിൽ അടിയന്തരമായി ചേർന്ന യോഗമാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ടത്. രാജി ആവശ്യപ്പെട്ടുള്ള യോ​ഗ തീരുമാനം ​ഗോട്ടബയയെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തടക്കമുള്ള പാർട്ടികൾ സ്പീക്കറുടെ അധ്യക്ഷതയിലാണ് അടിയന്തര യോ​ഗം ചേർന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ലക്ഷണങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ ഗോട്ടബയയുടെ ഔദ്യോഗിക വസതി വളഞ്ഞു. സുരക്ഷാ സേന ചെറുത്തു നിന്നെങ്കിലും പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ കെട്ടിടത്തില്‍ നിന്നു രക്ഷപ്പെട്ടു. സൈന്യം ഇദ്ദേഹത്തെ അതീവ സുരക്ഷിതമായി മാറ്റിയതായാണ് വിവരം.ഗോട്ടബയ രാജപക്‌സെ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗോട്ടബയ കപ്പലില്‍ കയറി പോകുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് രാജ്യം വിട്ടതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

You might also like

-