തമിഴ് നടൻ വിജയ്‍യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു
തമിഴ് നടൻ വിജയ്‍യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. ബിഗിൽ എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍. മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന നെയ്‍വേലിയിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍. വിജയ്‍യെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുകയാണ് ചെയ്തതെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.കഴിഞ്ഞ വര്‍ഷം തിയേറ്ററിലെത്തിയ വിജയ് ചിത്രത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുണ്ടായിരുന്നു. മെര്‍സല്‍ എന്ന സിനിമയില്‍ ജി.എസ്.ടിക്ക് എതിരെയും നോട്ട് നിരോധനത്തിനെതിരെയും പരാമര്‍ശങ്ങളുണ്ടായപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വിജയിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.ബിഗിൽ സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് കമ്പനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. വിജയ്‍യുടെ ചെന്നൈയിലെ വീടുകളിലും പരിശോധന നടന്നു. സാളിഗ്രാമിലെയും നീലാങ്കരയിലെയും വീടുകളിലാണ് റെയ്ഡ് നടന്നത്. ബിഗില്‍ സിനിമയുടെ പ്രതിഫലം സംബന്ധിച്ച കണക്കില്‍ വൈരുധ്യമുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.