വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുത്തു; ടി. സിദ്ധീഖിനെതിരെ അന്വേഷണം

റിട്ട. മജിസ്ട്രേറ്റിന്റെ കോടികള്‍ വരുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കൂട്ടുനിന്നെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് ടി സിദ്ധിഖിനെതിരെ അന്വേഷണം.

0

കോഴിക്കോട് :റിട്ട. മജിസ്ട്രേറ്റിന്റെ കോടികള്‍ വരുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കൂട്ടുനിന്നെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് ടി സിദ്ധിഖിനെതിരെ അന്വേഷണം. വ്യാജ ഒസ്യത്ത് തയ്യാറാക്കി രജിസ്ട്രേഷന്‍ നടത്താന്‍ സഹായിച്ചതിന് സിദ്ധിഖ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ട്രസ്റ്റിന്റെ ഭൂമി പതിച്ചുനല്‍കിയെന്നാണ് പരാതി. വടകര റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തുന്നത്.

ട്രസ്റ്റികള്‍ കോടതിയില്‍ നല്‍കിയ പരാതി കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും ഇതിന്റെ പ്രതിഫലമായി ഒരേക്കര്‍ ഭൂമി വാങ്ങിയെടുത്തുവെന്നുമാണ്  ആരോപണം. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടി സിദ്ദീഖ് പറഞ്ഞു. ലിങ്കണ്‍ എബ്രഹാം സ്വത്തുക്കള്‍ പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് എഴുതി വെച്ചിരുന്നു. എന്നാല്‍ ലിങ്കണ്‍ എബ്രഹാമിന്റെ മരണ ശേഷം സഹോദരന്‍ ഫിലോമെയിന്‍ എബ്രഹാമും സ്വത്തില്‍ അവകാശം ഉന്നയിച്ച് രംഗത്ത് എത്തി.

മരിക്കുന്നതിന് നാല് മാസം മുമ്പ് സ്വത്ത് തന്റെ പേരിലേക്ക് മാറ്റിയെന്നായിരുന്നു ഫിലോമെയിന്റെ അവകാശവാദം. തുടര്‍ന്ന് തര്‍ക്കം കോടതിയില്‍ എത്തി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ട്രസ്റ്റിനെ കൊണ്ട് പരാതി പിന്‍വലിപ്പിക്കുകയും ഫിലോമെയിന് ഭൂമിയില്‍ അവകാശം ഉറപ്പാക്കി കൊടുക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇതിന് പ്രതിഫലമായി 40.47 ആര്‍ സ്ഥലം ടി സിദ്ദീഖ്, അബ്ദുറഹ്മാന്‍, ഹബീബ് തമ്പി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഫിലോമെയിന്‍ നല്‍കിയെന്നുമാണ് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലുള്ളത്. 2015 കാലയളവില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖയും പരാതിക്ക് ഒപ്പം സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡി.ജി.പിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് താമരശേരി ഡി.വൈ.എസ്പി പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

രണ്ടാമത്തെ ഒസ്യത്തിന് കോടതിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം സ്വത്ത് തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നാണ് ടി സിദ്ദീഖിന്റെ വിശദീകരണം. അതിനിടെ രണ്ടാമത്തെ ഔസ്യത്ത് നിര്‍ബന്ധപൂര്‍വ്വം തയ്യാറാക്കിയതാണെന്ന് വെളിപ്പെടുത്തി ലിങ്കണ്‍ എബ്രഹാമിന്റെ സഹായിയെന്ന് അവകാശപ്പെടുന്ന ദേവസ്യയും രംഗത്ത് എത്തി.

ആദ്യ ഒസ്യത്ത് നിലനില്‍ക്കെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് രണ്ടാമത്തെ ഒസ്യത്തിന്‍മേല്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. ക്രമക്കേടിന് റവന്യൂ ഉദ്യോഗസ്ഥരും കൂട്ടുനിന്നെന്ന് ആരോപണമുണ്ട്. ഡി.ജി.പിക്ക് നല്‍കിയ പരാതി വടകര റൂറല്‍ എസ്.പി കെ.ജി.സൈമണിന് കൈമാറി. താമരശ്ശേരി ഡി.വൈ.എസ്.പി അബ്ദുറസാഖിനാണ് അന്വേഷണ ചുമതല. പൊലീസ് പരാതിക്കാരനില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ തേടി. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും. വ്യാജ ഒസ്യത്തിന്‍മേലുള്ള അന്വേഷണമാണ് കൂടത്തായിക്കേസില്‍ വഴിത്തിരിവായത്. ഈ സാഹചര്യത്തില്‍ സമാന സ്വഭാവമുള്ള കേസ് വിശദമായി അന്വേഷിക്കാനാണ് റൂറല്‍ എസ്.പി നല്‍കിയ നിര്‍ദേശം

You might also like

-