സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും

സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്‌ക്കൽ എന്നീ കുറ്റങ്ങൾക്ക് ചുമത്തിയ ആറ് കേസുകളിലും കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു

0

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും. ജാമ്യ ഉപാധികൾ നടപ്പിലാക്കി കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് ഇന്ന് ജയിൽ മോചനം. സ്വർണക്കടത്തുമായി എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്‌നയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകിയത്.സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്‌ക്കൽ എന്നീ കുറ്റങ്ങൾക്ക് ചുമത്തിയ ആറ് കേസുകളിലും കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം ലഭിച്ചത്. എറണാകുളത്തെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപ കെട്ടിവെയ്‌ക്കണമെന്നും നിർദേശമുണ്ടായിരുന്നു.

2020 ജൂലൈ 11ന് അറസ്റ്റിലായ സ്വപ്‌ന നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. ജാമ്യം ലഭിച്ചിട്ട് നാല് ദിവസമായെങ്കിലും ജാമ്യ നടപടികൾ പൂർത്തിയാകാതിരുന്നതാണ് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വൈകുന്നതിന് കാരണം.സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായർ കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് ജയിൽ മോചിതനായിരുന്നു. കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നായിരുന്നു മോചനം. സ്വർണക്കടത്ത് കേസിലും ഡോളർ കടത്തിലും എൻഐഎ കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. എൻഐഎ കേസിൽ ഇപ്പോൾ മാപ്പുസാക്ഷിയാണ് സന്ദീപ്.

You might also like

-