സ്വപ്‌ന സുരേഷിന് ബിജെപി നേതാവിന്റെ നേതൃത്വത്തിലുള്ള എന്‍ജിഒയില്‍ നിയമനം

43,000 രൂപയോളമാണ് മാസം ശമ്പളം. ബിജെപി നേതാവായ ഡോ എസ് കൃഷ്ണ കുമാര്‍ ഐഎഎസ് ആണ് ഇതിന്റെ തലവന്‍. ഇദ്ദേഹം മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു.

0

തിരുവനന്തപുരം | നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ബിജെപി നേതാവിന്റെ നേതൃത്വത്തിലുള്ള എന്‍ജിഒയില്‍ നിയമനം. പാലക്കാട് ചന്ദ്രനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ്) എന്ന എന്‍ജിഒയില്‍ സിഎസ്ആര്‍ ഡയറക്ടറായി ആണ് നിയമനം. 43,000 രൂപയോളമാണ് മാസം ശമ്പളം. ബിജെപി നേതാവായ ഡോ എസ് കൃഷ്ണ കുമാര്‍ ഐഎഎസ് ആണ് ഇതിന്റെ തലവന്‍. ഇദ്ദേഹം മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. 2019ലാണ് ഇദ്ദേഹം ബിജെപിയില്‍ ചേരുന്നത്. മലയാളികള്‍ അടക്കമുള്ള ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിന്റെ മറ്റ് പ്രധാന പദവികളില്‍.

കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലാണ് ഈ എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ എന്‍ജിഒ സ്ഥാപിക്കപ്പെട്ടതെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഈ മാസം 12ന് നിയമനം നല്‍കികൊണ്ടുള്ള ഓഫര്‍ ലറ്റര്‍ സ്വപ്‌നയ്ക്ക് അയക്കുകയും ഇവര്‍ അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാനുള്ള തീയതി സ്വപ്‌ന നീട്ടി ചോദിച്ചിട്ടുണ്ടെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു. വന്‍കിട കമ്പനികളില്‍ നിന്നും ഫണ്ട് ഏകോപിപ്പിക്കുന്ന ചുമതലയാണ് ഇവര്‍ക്കുള്ളത്.

അതേസമയം സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു പിന്മാറി . കൊച്ചി എൻഐഎ കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ പിൻമാറുകയാണെന്ന് അഭിഭാഷകൻ അറിയിക്കുകയായിരുന്നു, വക്കാലത്ത് ഒഴിയുന്നതിന്‍റെ കാരണം വ്യക്തമാക്കാനാകില്ലെന്ന് അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കൽ പറഞ്ഞു.

You might also like

-