സ്വപ്‌നാ സുരേഷിന്റേതെന്ന പേരിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നതിൽ അന്വേഷണത്തിന് ഉത്തരവ്.
മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ പറയുന്നു
തിരുവനന്തപുരം :സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റേതെന്ന പേരിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നതിൽ അന്വേഷണത്തിന് ഉത്തരവ്. ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദക്ഷിണ മേഖലാ ഡിഐജി അജയ്കുമാറിനാണ് അന്വേണ ചുമതല. വനിതാ ജയിലിൽ നേരിട്ടെത്തി ഡിഐജി അന്വേഷണം നടത്തും.സ്വപ്‌ന സുരേഷിന്റേതെന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ പറയുന്നു. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിഡ് റെക്കോർഡാണ് പുറത്തുവന്നിരിക്കുന്നത്. അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു എന്നത് ദുരൂഹമാണ്.
എം. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് മൊഴി നൽകണമെന്നും എങ്കിൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് ചുരുക്കം. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണം എന്ന സർക്കാർ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ശബ്ദരേഖ. എന്നാൽ ശബ്ദരേഖ സ്വപ്നയുടെത് ആണോയെന്നും ആണങ്കിൽ ആരോട് സംസാരിച്ചതാണന്നും വ്യക്തതയില്ല.ഏത് അന്വേഷണ ഏജൻസിയെക്കുറിച്ചാണ് ആരോപണമെന്നോ എന്ന് പറഞ്ഞതാണെന്നോ സന്ദേശത്തിലില്ല. അതിനാൽ സന്ദേശം പുറത്ത് വന്നതിനൊപ്പം ഒട്ടേറെ ദുരൂഹതകളും ഉണർന്നിരിക്കുകയാണ്. മാത്രവുമല്ല, തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുള്ള സ്വപ്നയെ ഒട്ടേറെപ്പേർ സന്ദർശിക്കുന്നെന്ന ആരോപണം കെ.സുരേന്ദ്രൻ ഉന്നയിച്ച് മണിക്കൂറുകൾക്ക് ഉള്ളിലാണ് ശബ്ദരേഖ പുറത്ത് വരുന്നത്. എന്നാൽ സ്വപ്നക്ക് അഭിഭാഷകനെ ഉൾപ്പെടെ കാണാനും ജയിൽ ഫോണിൽ നിന്ന് പുറത്തേക്ക് വിളിക്കാനും അനുമതിയുണ്ട്. ഈ സമയത്ത് റെക്കോഡ് ചെയ്തതാവാമെന്നാണ് ജയിൽ വകുപ്പിന്റെ മറുപടി.