കലിഫോര്‍ണിയ സിനഗോഗ് വെടിവയ്പ്: നാലു പേര്‍ക്ക് വെടിയേറ്റു, ഒരു മരണം
സാന്‍ഡിയാഗോ: വംശീയ വെറിപൂണ്ട വെളുത്ത വര്‍ഗക്കാരനായ പത്തൊന്‍പതുകാരന്‍ ചമ്പാര്‍ഡ് ഓഫ് പൊവെ സിനഗോഗില്‍ ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
പാസ്റ്റോവറിന്റെ അവസാന ദിവസം നൂറിലധികം പേര്‍ സിനഗോഗില്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കെ സെമി ഓട്ടോ മാറ്റിക് ഗണ്ണുമായി പ്രവേശിച്ച ജോണ്‍ ടി. ഏണസ്റ്റ് ആണ് വെടിയുതിര്‍ത്തത്. ഇതിനിടയില്‍ സിനഗോഗില്‍ ഉണ്ടായിരുന്ന ഓഫ് ഡ്യൂട്ടി ബോര്‍ഡര്‍ പെട്രോള്‍ ഓഫിസര്‍ തിരിച്ചു വെടിവച്ചു. വെടിയേല്‍ക്കാതെ രക്ഷപെട്ട പ്രതി കാറുമായി അവിടെ നിന്നും രക്ഷപെട്ടു. അധികം താമസിയാതെ പ്രതി ഓടിച്ചിരുന്ന കാര്‍ പൊലീസ് തടഞ്ഞു നിര്‍ത്തി. കൈ ഉയര്‍ത്തി പുറത്തു വന്ന പ്രതി പൊലീസിനു കീഴടങ്ങി.
പീറ്റ്‌സ്ബര്‍ഗ് സിനഗോഗില്‍ നടന്ന വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ട് ആറു മാസം തികയുന്ന ദിവസമാണ് ഈ സിനഗോഗില്‍ വെടിവയ്പ് ഉണ്ടായത്.
ഈയിടെ ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചില്‍ ഉണ്ടായ വെടിവയ്പില്‍ ഗണ്‍മാന്‍ ഷൂട്ടിങ് ലൈവായി പ്രദര്‍ശിപ്പിച്ചതു പോലെ ഈ വെടിവയ്പും ലൈവായി പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതി യുവാവ് തയാറാക്കിയിരുന്നുവെങ്കിലും വിജയിച്ചില്ല എന്നു പൊലീസ് പറഞ്ഞു. കൈയില്‍ വെടിയേറ്റ് റമ്പി പാസോവര്‍ സന്ദേശം പൂര്‍ത്തിയാക്കിയതിനു ശേഷമേ ആശുപത്രിയില്‍ പോയത്. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കൊന്നും നമ്മുടെ ഐക്യത്തെ തകര്‍ക്കാന്‍ കഴിയുകയില്ലെന്ന് ആരാധനയ്‌ക്കെത്തിയവര്‍ പ്രതികരിച്ചു.