ഇന്ത്യന്ഗവണ്‍മെന്റ് ഇരട്ട പൗരത്വം അനുവദിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ സമൂഹം

ഹൂസ്റ്റണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ചു നടത്തിയ സര്‍വ്വേയിലാണ് ഈ ആവശ്യം ശക്തമായി ഉയര്‍ന്നിരിക്കുന്നത്

0

ഹൂസ്റ്റണ്‍: അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് ഇരട്ട പൗരത്വം അനുവദിക്കണമെന്ന് ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്റ് ഇന്ത്യന്‍ ഡയഫോറം നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം ജനങ്ങളും ആവശ്യപ്പെട്ടു. ഹൂസ്റ്റണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ചു നടത്തിയ സര്‍വ്വേയിലാണ് ഈ ആവശ്യം ശക്തമായി ഉയര്‍ന്നിരിക്കുന്നത്. ഇതൊടൊപ്പം ഇന്ത്യക്ക് പുറത്തു താമസിക്കുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ടിങ്ങിന് പകരം പ്രോക്‌സി വോട്ടിങ്ങിനുള്ള അനുമതി വേണമെന്നും സര്‍വ്വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പല രാജ്യങ്ങളും അവരുടെ പൗരത്വം ഉപേക്ഷിക്കാതെ അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നതിന് അനുകൂലിക്കുമ്പോള്‍, ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു വേണം അമേരിക്കന്‍ പൗരത്വം സ്വീകരിക്കുവാന്‍ എന്ന നിലപാടില്‍ മാറ്റം വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

അമേരിക്കയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജര്‍ക്ക് പെര്‍മനെന്റ് റസിഡന്‍സി ലഭിക്കുന്നതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഓരോ രാജ്യത്തിനും അനുവദിച്ച പ്രത്യേക കോട്ട, ഇന്ത്യക്കാരെ സംബന്ധിച്ചു വളരെ വേഗം പൂര്‍ത്തിയാകുന്നതിനാല്‍ നീണ്ട കാത്തിരിപ്പു ആവശ്യമായിരിക്കുന്നു.
അമേരിക്കയും, ഇന്ത്യയും തമ്മില്‍ അടുത്ത സുഹൃദ്ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ വിഷയത്തില്‍ അമേരിക്കന്‍ ഗവണ്‍മെന്റില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്നും സര്‍വ്വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇരട്ടപൗരത്വത്തിനു പുറമെ, ഇരട്ട നികുതി, സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയിലും തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

-