തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും
ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചില്ലെന്ന നിലപാട് സുരേഷ് ഗോപി ആവര്‍ത്തിക്കാനാണ് സാധ്യത. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് വരണാധികാരിയായ ജില്ലാ കലക്ടര്‍ ടി.വി അനുപമ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്
തൃശൂർ :തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചില്ലെന്ന നിലപാട് സുരേഷ് ഗോപി ആവര്‍ത്തിക്കാനാണ് സാധ്യത. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് വരണാധികാരിയായ ജില്ലാ കലക്ടര്‍ ടി.വി അനുപമ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. സമയ പരിധി ഇന്ന് രാത്രിയോടെ അവസാനിക്കും .ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം സുരേഷ് ഗോപി ലംഘിച്ചുവെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ സൈബര്‍ ആക്രമണം. അനുപമയുടെ ഫേസ്ബുക്ക് പേജിലാണ് പ്രതിഷേധ പൊങ്കാലയുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്. ‘സ്വമി ശരണം’ എന്ന കമന്റാണ് വിമര്‍ശനവുമായെത്തുന്നവര്‍ പേജില്‍ പോസ്റ്റു ചെയ്യുന്നത്. ഇതിനിടെ കളക്ടര്‍ക്ക് പൊങ്കാല അര്‍പ്പിക്കുന്നവരെ പ്രതിരോധിക്കാനും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
ശബരിമലയുടെ പേരില്‍ വോട്ടഭ്യര്‍ഥിച്ചതിനാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് കളക്ടര്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ചട്ടലംഘനമുണ്ടായെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയും പ്രതികരിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അനുപമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലും സൈബര്‍ ആക്രമണം നടക്കുന്നത്.